Entertainment

ആസിഫ് അലി- താമര്‍ ചിത്രം ‘സര്‍ക്കീട്ടി’ലൂടെ വീണ്ടും എഡിറ്ററായി സംഗീത് പ്രതാപ്

സംഗീത് പ്രതാപ് 2024 വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

കൊച്ചി : ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സംഗീത് പ്രതാപ്. സംസ്ഥാന പുരസ്‌കാര ജേതാവായ സംഗീത് പ്രതാപ് വളരെ ചുരുങ്ങിയ കാലയളവില്‍ ആണ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതായത്. സംഗീത് പ്രതാപ് എന്ന് പറയുന്നതിനെക്കാളും അമല്‍ ഡേവിസ് എന്ന് പറയുമ്പോഴാണ് ആളുകള്‍ക്കിടയില്‍ സംഗീത് കൂടുതല്‍ പരിചിതനാകുന്നത്. തീയറ്ററുകളില്‍ എപ്പോഴും ആളുകളെ ചിരിപ്പിക്കുന്ന സംഗീത് ഇത്തവണ എഡിറ്ററായിട്ടാണ് എത്തുന്നത്. ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന സര്‍ക്കീട്ട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത് പ്രതാപ് എഡിറ്ററായി എത്തുന്നത്. മെയ് 8 ന് തീയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.

ദീര്‍ഘകാലം മലയാളസിനിമയില്‍ ഛായാഗ്രഹണസഹായിയായിരുന്ന പ്രതാപ് കുമാറിന്റെ മകനായ സംഗീത് എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെയാണ് എഡിറ്ററായി സിനിമയില്‍ തുടക്കം കുറിക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ് 2024 വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. സൂപ്പര്‍ ശരണ്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന സംഗീത് അഞ്ചോളം സിനിമകളിലഭിനയിച്ചിട്ടുണ്ട്. ഈയടുത്തു പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ തുടക്കത്തിലും ശ്രദ്ധേയമായ വേഷം സംഗീത് അവതരിപ്പിച്ചു. അതേസമയം സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സര്‍ക്കീട്ടി’ലെ സംഗീത് പ്രതാപ് മികച്ച എഡിറ്റിംഗ് വര്‍ക്ക് നല്‍കുമെന്നാണ് പ്രേക്ഷകരുടെപ്രതീക്ഷ. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.