അവൽ കൊണ്ട് അടിപൊളി ഒരു നാലുമണി പലഹാരം നമുക്ക് തയാറാക്കി നോക്കാം. വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു. ഇത് കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയാറാക്കാവുന്നതേയുള്ളൂ.
ചേരുവകൾ
അവൽ – 1 കപ്പ്
ശർക്കര പൊടിച്ചത് – 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂൺ
നെയ്യ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പാൻ അടുപ്പത്ത് ചൂടാക്കാൻ വയ്ക്കുക. ചൂടായി കഴിഞ്ഞാൽ അവൽ ചെറുതായൊന്ന് വറുത്തെടുക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന അവലിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. തണുത്ത ശേഷം അവൽ കൂട്ടും ശർക്കര പൊടിച്ചതും ചേർത്ത് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ശേഷം ഈ കൂട്ടിലേക്ക് നെയ്യ് ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്യുക. കയ്യിൽ കുറച്ച് നെയ്യോ വെണ്ണയോ തടവിയ ശേഷം ഉരുളകളാക്കി എടുക്കുക. സ്വാദിഷ്ടമായ അവൽ ലഡു തയാർ.
















