Seafood-Recipes

നല്ല എരിവൂറുന്ന ഞണ്ട് മസാല ഉണ്ടാക്കിയാലോ ?

കുറഞ്ഞ സമയത്തിനുള്ളില്‍ തയാറാക്കാവുന്ന ഒരു കിടിലന്‍ ഐറ്റമാണ് ഞണ്ട് മസാല. നല്ല എരിവൂറുന്ന ഞണ്ട് മസാല ഉണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം. വളരെ കുറഞ്ഞ സമയംകൊണ്ട് രുചിയൂറുന്ന ഞണ്ട് മസാല തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ഞണ്ട്- ഒരു കിലോ
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ടര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
കറുവപ്പട്ട- ഒന്ന്
ഗ്രാമ്പൂ- രണ്ട്
കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 50 മില്ലി ലിറ്റര്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
ചെറിയുള്ളി- 200 ഗ്രാം
തക്കാളി- രണ്ട്
പച്ചമുളക്- അഞ്ച്

അരടീസ്പൂണ്‍ കുരുമുളകും രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടിയും ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, അര ടീസ്പൂണ്‍ വീതം ജീരകവും പെരുംജീരകവും വെളിച്ചെണ്ണ ചേര്‍ത്ത് അരച്ചെടുക്കുക.

പാകം ചെയ്യുന്ന വിധം

ഞണ്ട് നന്നായി കഴുകി വൃത്തിയാക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഗ്രാമ്പൂ, പട്ട്, ചെറിയ ഉള്ളി, തക്കാളി എന്നവ ഇട്ട് വഴറ്റി അതിലേക്ക് പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഖറിവേപ്പില എന്നിവ ചേര്‍ക്കുക. ഇനി പൊടികളെല്ലാം ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കാം. ഇനി എണ്ണ തെളിഞ്ഞു വരുമ്പോള്‍ തയ്യാറാക്കിയ മസാല ചേര്‍ക്കാം. ഇതിലേക്ക് ഞണ്ട് ഇടാം. അരക്കപ്പ് വെള്ളമൊഴിച്ച് വേവിക്കാം. തിളച്ച് തുടങ്ങുമ്പോള്‍ ഉപ്പിട്ട് അടച്ച് വച്ച് വേണം വേവിക്കാന്‍. വെള്ളം വറ്റിയാല്‍ തീയണക്കാം. ഒരു പാനില്‍ അഞ്ച് ചെറിയ ഉള്ളി, കറിവേപ്പില, രണ്ട് വറ്റല്‍ മുളക് എന്നിവ താളിച്ച് മുകളിലൊഴിക്കാം.