Kerala

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം സഹായിച്ചില്ല: തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Vizhinjam port

ആലപ്പുഴ: സർക്കാരിന്റെ പ്രവർത്തങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്നും അതിന് അനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നിരാശരായിരുന്ന കാലത്താണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും അ​ദ്ദേഹം കൂട്ടിചേർത്തു.

പ്രകടന പത്രിക വാഗ്ദാനങ്ങൾ ഓരോ വർഷവും വിലയിരുത്തിയിട്ടുണ്ടെന്നും അത് പ്രോഗ്രസ്സ് റിപ്പോർട്ട്‌ ആയി ജനങ്ങൾക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമാവധി കാര്യങ്ങൾ നടപ്പിലാക്കിയ സ‍ർക്കാരായി എൽഡിഎഫ് സർക്കാർ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത നിലനിർത്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി മുന്നോട്ട് കൊണ്ടുപോയത്.

നിയമക്കുരുക്ക്‌ ഭയന്നാണ് കരാർ അതേപടി മുന്നോട്ട് കൊണ്ടു പോയതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതി നാടിന് ആവശ്യമായി കണ്ട് സ‍ർക്കാർ ആ പദ്ധതി വേ​ഗത്തിൽ പൂർത്തീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേ‍ർത്തു. എന്നാൽ സർക്കാരിനെ സഹായിക്കേണ്ട പലഘട്ടങ്ങളിലും കേന്ദ്രം സഹായിച്ചിട്ടില്ലെന്നും പലഘട്ടങ്ങളിലും വിദേശ സ​ഹായം പോലും തടഞ്ഞെന്നും എന്നാൽ കേരളം അതിനെയൊക്കെ അതിജീവിച്ചെന്നും അദ്ദേഹം പറ‍ഞ്ഞു.