Environment

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

പക്ഷികളും മനുഷ്യരും ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ സൃഷ്ടികളാണ്. ചിലർ പക്ഷികളെ വീട്ടിൽ വളർത്താറുണ്ട്. അവയെ താലോലിക്കുകയും പോറ്റിവളർത്തുകയും ചെയ്യുന്നത് നാം സ്ഥിരം കാണുന്നതാണ്. എന്നാൽ എല്ലാ പക്ഷികളെയും നമുക്ക് താലോലിക്കാൻ സാധിക്കില്ല കാരണം ചില പക്ഷികളുടെ ചിറകിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. അതും മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള വിഷം.

പക്ഷികളെ കുറിച്ച് കേൾക്കുമ്പോൾ പൊതുവിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ ഒന്നും നമുക്ക് തോന്നാറില്ലെങ്കിലും കഴിഞ്ഞദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് അല്പം ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. ന്യൂ ഗിനിയയിൽ ഗവേഷകർ രണ്ട് അസാധാരണ പക്ഷി ഇനങ്ങളെ കണ്ടെത്തിയതായാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

മറ്റു പക്ഷികളിൽ നിന്നും ഈ പക്ഷികൾ വേറിട്ട് നിൽക്കുന്നതിന് കാരണം അവയുടെ ശരീരഘടനയോ ആവാസസ്ഥലമോ ഒന്നും അല്ല. ഇവയുടെ തൂവലുകളിൽ ഒരുതരം മാരകമായ ന്യൂറോക്സിൻ അടങ്ങിയിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. ഈ വിഷയം ചെറിയൊരു സ്പർശനത്തിലൂടെ പോലും മനുഷ്യശരീരത്തിൽ പ്രവേശിക്കുമെന്നും അപകടങ്ങൾ വരുത്തി വയ്ക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

റീജന്റ് വിസിലർ, റൂഫസ്നാപ്ഡ് ബെൽബേർഡ് എന്നീ രണ്ട് ഇനത്തിൽപ്പെട്ട പക്ഷികളുടെ ചിറകുകളിൽ ആണ് മാരകമായ വിഷം അടങ്ങിയിട്ടുണ്ട് എന്ന് ഗവേഷകർ കണ്ടെത്തിയത്. ചിറകുകളിൽ അപകടം ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ പക്ഷികളെ ന്യൂ ഗിനിയയിലെ മഴക്കാടുകളിൽ നിന്നാണ് കണ്ടെത്തിയത്.

ഇവയുടെ തൂവലുകളിൽ ബാട്രാചോട്ടോക്സിൻ എന്ന ശക്തമായ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഗവേഷകർ പറയുന്നത്. എന്നാൽ, ഈ വിഷം മനുഷ്യർക്ക് അപകടകരമാണെങ്കിലും പക്ഷികളെ അത് ബാധിക്കില്ല എന്നാണ് പഠനത്തിൽ പറയുന്നത്. ഡെൻമാർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനായ ക്നുഡ് ജോൺസൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.

മനുഷ്യശരീരത്തിലെ പേശികളെ ബാധിക്കുന്ന ശക്തമായ ഒരു വിഷമാണ് ബാട്രചോട്ടോക്സിൻ. ഈ വിഷാംശം അമിതമായി ശരീരത്തിൽ പ്രവേശിച്ചാൽ പേശിവലിവ്, അപസ്മാരം, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകും. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും നിന്നുള്ള പോയിസൺ ഡാർട്ട് തവളകളിൽ കാണപ്പെടുന്ന അതേ മാരകമായ വിഷവസ്തുവാണിത്. പക്ഷികളുടെ തൂവലുകളിൽ ഇത്രയും മാരകമായ ഒരു വസ്തു ഉണ്ടെന്ന വസ്തുത ശാസ്ത്രജ്ഞർക്ക് ഒരു പ്രധാന കണ്ടെത്തലാണ്.

ഈ പക്ഷികളെ ശരിക്കും സവിശേഷമാക്കുന്നത് ചിറകുകളിലെ വിഷത്തിന്റെ സാന്നിധ്യം മാത്രമല്ല, അതിനെ അതിജീവിക്കാനുള്ള ഒരു മാർഗവും അവ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പക്ഷികളുടെ സോഡിയം ചാനലുകളിൽ ജനിതക മ്യൂട്ടേഷനുകൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്, ഇത് വിഷവസ്തു അവയെ അപകടകരമായി ബാധിക്കുന്നത് തടയുന്നു.