മുംബൈ: മുംബൈ ഇന്ത്യൻസ് മുൻ താരം ശിവാലിക് ശർമ്മ ബലാത്സംഗ കേസിൽ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് താരത്തിനെതിരെ യുവതി നൽകിയ പരാതി. രാജസ്ഥാനിലെ ജോധ്പൂരിലെ കുടി ഭഗത്സാനി പോലീസ് സ്റ്റേഷനിലാണ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയിൽ ഹാർദിക് പാണ്ഡ്യ – ക്രുനാൽ പാണ്ഡ്യ സഹോദരൻമാരുടെ സഹതാരമായ ശിവാലിക് ശർമയാണ് അറസ്റ്റിലായത്. ഇരുപത്താറുകാരനായ ശിവാലിക് ശർമയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ട്.
ശിവാലിക് ശർമയുമായി അടുപ്പത്തിലായിരുന്ന യുവതിയാണ്, താരത്തിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നൽകിയത്. ജോധ്പുരിലെ കുടി ഭഗത്സാനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രണ്ടു വർഷം മുൻപ് വഡോദരയിൽ വച്ചാണ് പരാതിക്കാരി ശിവാലിക് ശർമയെ പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് പറയുന്നു.
ബറോഡയിൽ നിന്നുള്ള ശിവാലിക് ശർമ ഇടംകൈ ബാറ്ററായ ഓൾറൗണ്ടറാണ്. 2018ൽ ബറോഡയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം, ഇതുവരെ 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. 1087 റൺസാണ് സമ്പാദ്യം. ഇതിനു പുറമേ 13 ലിസ്റ്റ് എ മത്സരങ്ങളും 19 ട്വന്റി20 മത്സരങ്ങളും കളിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ 322 റൺസും ട്വന്റി20യിൽ 349 റൺസുമാണ് സമ്പാദ്യം. മൂന്നു വിക്കറ്റുകളും നേടിയിട്ടുണ്ട്.
2023ലെ ഐപിഎൽ താരലലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ താരത്തിന്, കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി താരത്തെ റിലീസ് ചെയ്തു.