Automobile

വിൻഡ്സർ ഇവി പ്രോ; ദീർഘ ദൂര യാത്രയ്ക്ക് പുതിയ അനുഭവം

ഒറ്റ ചർജിൽ 449 കിലോമീറ്റർ റേഞ്ച് നൽകുന്ന പ്രീമിയം മോഡലാണ് വിൻഡ്സർ ഇവി പ്രോ. വിപണി വില 17.49 ലക്ഷം രൂപയാണ്. 52.9 കിലോവാട്ട് ബാറ്ററിയിൽ ഓടുന്ന വാഹനം നിങ്ങളുടെ ദീർഘ ദൂര യാത്രയ്ക്ക് പുതിയ അനുഭവം സമ്മാനിക്കും. 38 കിലോവാട്ട് ബാറ്ററി 332 കിലോമീറ്റര്‍ റേഞ്ചാണ് നിലവില്‍ ഉള്ളത്.

ബാറ്ററി വാടയ്ക്ക് ലഭിക്കുന്ന മോഡലിന് 12.49 ലക്ഷം രൂപയാണ്. ആദ്യത്തെ 8000 ബുക്കിങ്ങുകൾക്കാണ് ഈ പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുന്നത്. മെയ് എട്ടു മുതൽ ബുക്കിങ് ആരംഭിക്കും. പവര്‍ട്രെയിനിൽ മാത്രമല്ല ഫീച്ചറുകളിലും സുരക്ഷയിലുമെല്ലാം മാറ്റങ്ങളോടെ ആണ് വരവ്. കൂടുതല്‍ സ്റ്റാന്റേർഡ് മോഡലിനിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത രൂപ ഭംഗിയാണ്, എന്നാൽ അലോയ് വീലുകൾക്ക് മാറ്റമുണ്ട്.

ബാറ്ററിയുടെ കപ്പാസിറ്റി കൂടിയിട്ടുണ്ടെങ്കിലും വിന്‍ഡ്‌സര്‍ ഇവിയുടെ മോട്ടർ പവറില്‍ മാറ്റങ്ങളില്ല. 136എച്ച്പി കരുത്തും പരമാവധി 200എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വൈദ്യുത മോട്ടോറാണ് പ്രോയിലും. 7.4 കിലോവാട്ട് എസി ചാർജറുമായിട്ടാണ് പ്രോ എത്തുന്നത്. എസി ചാർജർ ഉപയോഗിച്ചാൽ 9.5 മണിക്കൂറിൽ ഫുൾ ചാർജാകും. 60 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ ഇരുപതിൽ നിന്ന് 80 ശതമാനം വരെ ചാർജാകാൻ 50 മിനിറ്റ് മാത്രം മതി. 18 ഇഞ്ച് അലോയ് വീലിന്റെ രൂപമാറ്റമൊഴിച്ചാൽ കാഴ്ച്ചയിൽ കാര്യമായ മാറ്റങ്ങളില്ല. സെലഡോൺ ബ്ലൂ, ഗ്ലാസ റെഡ്, അറോറ സിൽവ്വർ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.

എംജി വിന്‍ഡ്‌സര്‍ ഇവി പ്രൊയുടെ കാബിനില്‍ മാറ്റങ്ങളുണ്ട്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറില്‍ കറുപ്പിനും വെളുപ്പിനുമൊപ്പം വുഡന്‍ ടെക്സ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡാസ് ലെവൽ 2 സുരക്ഷാ ഫീച്ചറുകള്‍ വന്നിട്ടുണ്ട്. വെഹിക്കിള്‍ ടു ലോഡ് ഫീച്ചറും ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തില്‍ നിന്നും മറ്റു വൈദ്യുത കാറുകള്‍ അടക്കമുള്ള വൈദ്യുത ഉപകരണങ്ങളിലേക്ക് വൈദ്യുതി നല്‍കാനുമാകും.