ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ മുന്നറിയിപ്പ് കിട്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുന്നേ പ്രധാനമന്ത്രിക്ക് ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായും ഖാര്‍ഗെ ആരോപിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുര്‍ന്നാണ് പ്രധാനമന്ത്രി തന്റെ കശ്മീര്‍ സന്ദശനം റദ്ദാക്കിയതെന്നും ഖാര്‍ഗെ പറഞ്ഞു.
”പഹല്‍ഗാമില്‍ ആക്രമണം ഉണ്ടായതില്‍ ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാകണം. ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒന്നും ചെയ്തില്ലെന്നും ഖാര്‍ഗെ ചോദിച്ചു. ആക്രമണം ഉണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചു എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ഖാര്‍ഗെ കൂട്ടിചേര്‍ത്തു”.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 26 പേരുടെ ജീവനാണ് നഷ്ടമായത്. തുടര്‍ന്ന് ഏപ്രില്‍ 2 ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിന്റെ പ്രദേശത്തുളള ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.