തൃശൂർ: ശക്തന്‍റെ മണ്ണിൽ കുടമാറ്റത്തിന്റെ വർണവിസ്മയം തുടങ്ങി. ജനസാഗരത്തെ ഇളക്കിമറിച്ച് എങ്ങും ആവേശത്തിൽ തൃശൂർ നഗരം. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ തെക്കോട്ടിറക്കം പൂർത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്.
ആദ്യം പാറമേക്കാവ് വിഭാഗമാണ് പുറത്തേക്ക് ഇറങ്ങിയത്. പിന്നാലെ തിരുവമ്പാടി വിഭാഗവും പുറത്തേക്ക് ഇറങ്ങി. ഇതോടെ തേക്കിൻകാട് മൈതാനത്ത് കുടമാറ്റത്തിന്റെ വർണവിസ്മയം. ശക്തന്റെ മണ്ണിൽ വാദ്യകുലപതികൾ തീർത്ത മേളഗോപുരങ്ങളിൽ പൂരാവേശം ഉച്ചസ്ഥായിലേക്ക് എത്തിയിരിക്കുകയാണ്. മേടമാസത്തിലെ ചൂടിലും പൂരനഗരിയിൽ ആവേശം അലയടിക്കുകയാണ്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. വടക്കുന്നാഥൻ മതിൽക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം ഇതേസമയത്ത് ആരാധകരെ ആവേശത്തിലാക്കി. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആണ് പ്രമാണം. തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആസ്വാദകരുടെ ഹൃദയം കവർന്നു. കോങ്ങാട് മധു ആയിരുന്നു പ്രമാണി. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേന്തി.
രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തിയത്. തുടർന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തിൽ എഴുന്നള്ളിപ്പുകൾ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു. 11.30ന് തിരുവമ്പാടിഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേമഠത്തിനു മുന്നിലെത്തിയപ്പോൾ നടന്ന മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. കോങ്ങാട് മധു ആയിരുന്നു പ്രമാണം.
പാറമേക്കാവിൽ നിന്ന് ഉച്ചയ്ക്ക് 12 കഴിഞ്ഞ് ആരംഭിച്ച എഴുന്നള്ളിപ്പിൽ ചെമ്പട മേളം അകടമ്പടിയായി ഉണ്ടായിരുന്നു. വടക്കുന്നാഥക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി ഇതു മാറി. കിഴക്കൂട്ട് അനിയൻ മാരാറാണ് പ്രമാണം. വടക്കുംനാഥന്റെ സന്നിധിയിലേക്ക് പാറമേക്കാവിലമ്മ എഴുന്നള്ളി, തിരുവമ്പാടി ഭഗവതിയും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും വടക്കുംനാഥനെ വണങ്ങാനെത്തി. നാളെ പുലർച്ചെ 3ന് വെടിക്കെട്ട്.