ഡൽഹി: ഭീകരാക്രമണം നടത്തിയ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാൽ എന്ന യുവാവ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്. കൂടാതെ പെരുമാറ്റത്തിൽ ദുരൂഹത കണ്ടെത്തി. പിന്നാലെ ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിവ് സുരക്ഷാ പരിശോധനക്കിടെ ആണ് ഇയാളെ പിടികൂടിയത്.
കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസിന് കൈമാറി. അതേസമയം, ജമ്മു കശ്മീരിൽ രണ്ട് പ്രാദേശിക ഭീകരരെ സുരക്ഷാസേന പിടികൂടി. ഇവരിൽ നിന്ന് തോക്കും ഗ്രനേഡും പിടിച്ചെടുത്തിട്ടുണ്ട്. നിയന്ത്രണ രേഖക്ക് സമീപത്ത് നിന്ന് ഒരു പാകിസ്ഥാൻ പൗരനെയും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
ഇതിനിടെ ഭീകരാക്രമണകേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് മാറ്റി.പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു.
തുടർച്ചയായ 12-ാം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നീ എട്ടു പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായി. ഉചിതമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.