ന്യൂഡൽഹി: ദുരന്തങ്ങളും അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനുള്ള പരിശീലനമാണ് മോക്ഡ്രിൽ. മോക്ഡ്രിൽ മുഖേന, അപകടസാഹചര്യങ്ങളിൽ താല്ക്കാലികമായും ദീർഘകാലത്തിലും കൂടുതൽ ശക്തമായ പ്രതികരണസാധ്യത വികസിപ്പിക്കാനാകും. തീപിടുത്തം, ഭൂകമ്പം, വെള്ളപ്പൊക്കം, ആരോഗ്യ അടിയന്തരാവസ്ഥകൾ തുടങ്ങിയ വിവിധ തരം അപകടങ്ങൾ നേരിടാൻ തയ്യാറാകാനാണ് മോക്ഡ്രിൽ സഹായിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് മോക് ഡ്രിൽ സംഘടിപ്പിക്കാൻ തീരുമാനമായത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വരുന്ന ഭീഷണി കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളോടും മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേയ് 7 ബുധനാഴ്ച രാജ്യത്തുടനീളം മോക് ഡ്രില്ലുകൾ നടത്താനാണ് തീരുമാനം. 1971ലാണ് രാജ്യത്ത് അവസാനമായി മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആ വർഷം തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകുകയും ചെയ്തു.
എന്താണ് ഒരു മോക് ഡ്രിൽ? യുദ്ധത്തിനു മുന്നോടിയായി മാത്രമല്ല. തീപിടിത്തങ്ങൾ, ഭൂകമ്പങ്ങൾ, മെഡിക്കൽ അടിയന്തരാവസ്ഥകൾ തുടങ്ങി ഭീകരാക്രമണങ്ങൾ വരെ സംഭവിക്കുമ്പോൾ പൊതുജനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ? എന്താണ് സിവിൽ ഡിഫൻസ് സംവിധാനങ്ങൾ? പരിശോധിക്കാം മനോരമ ഓൺലൈൻ എക്സ്പ്ലെയിനറിലൂടെ.
എന്താണ് മോക് ഡ്രിൽ
സംസ്ഥാനങ്ങളിലെ സിവിൽ ഡിഫൻസ് സംവിധാനങ്ങള്‍ വിലയിരുത്താനും പോരായ്മകൾ ഉണ്ടെങ്കിൽ അവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. സിവിൽ ഡിഫൻസ് സംവിധാനങ്ങളായ പൊലീസ് സേനാംഗങ്ങൾ, പാരാമിലിട്ടറി അംഗങ്ങൾ, അഗ്നിരക്ഷാ സേനാംഗങ്ങൾ, ഹോം ഗാർഡുകൾ, എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വോളന്റിയർമാർ, ആംബുലൻസ്, ആശുപത്രികൾ, വിദ്യാർഥികൾ എന്നിവർ മോക് ഡ്രില്ലിന്റെ ഭാഗമാകും.
മോക് ഡ്രിൽ നടത്തുന്നത് എവിടെ?
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 244 ജില്ലകളിലാണ് മോക് ഡ്രില്ലുകൾ നടത്തുക. റിപ്പോർട്ടുകൾ പ്രകാരം സിവിൽ പ്രതിരോധ നടപടികൾ നടപ്പിലാക്കേണ്ട രാജ്യത്തുടനീളമുള്ള 295 പട്ടണങ്ങളെയും ജില്ലകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 100 ഇടങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട മേഖലകളാണ്. വ്യോമാക്രമണം സംഭവിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്നും മുന്നറിയിപ്പ് സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുക എന്നതും മോക് ഡ്രില്ലിന്റെ ഭാഗമാണ്.
എയർ റെയ്ഡ് വാണിങ്
ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചാല്‍ ആദ്യം വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേക്കു സന്ദേശം നല്‍കുക. ഇതിനായി ഇന്ത്യൻ വ്യോമസേനയുമായുള്ള ഹോട്ട്‌ലൈൻ ബന്ധം, റേഡിയോ ആശയവിനിമയ ബന്ധം തുടങ്ങിയവയും മോക് ഡ്രിൽ സമയത്ത് പരിശോധിക്കും. യുദ്ധമുണ്ടായാല്‍ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂകരാക്കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും. മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്കായിരിക്കും എയര്‍ റെയ്ഡ് വാണിങ് വരുക.
ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. ഇതുവഴി സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോളിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരും നോഡല്‍ ഓഫിസര്‍ ജില്ലാ ഫയര്‍ ഓഫിസറുമാണ്.
ആദ്യം സുരക്ഷിതരാകുക
ജില്ലാ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫിസര്‍മാരുമാണ് മോക് ഡ്രില്ലിനു നേതൃത്വം നല്‍കുന്നത്. കൺട്രോൾ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവർത്തനം പരിശോധിക്കൽ, ശത്രുവിന്റെ ആക്രമണമുണ്ടായാൽ സംരക്ഷണമൊരുക്കുന്നതിനുള്ള രീതികളെ കുറിച്ച് വിദ്യാർഥികൾ ഉൾപ്പെടെ സാധാരണക്കാർക്കു പരിശീലനം നൽകൽ, തുടങ്ങിയവയും മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തും. നടപടികളുടെ ഭാഗമായി സിവിൽ ഡിഫൻസ് സംവിധാനമായ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങളും ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടും.
പൗരൻമാരെ ഒഴിപ്പിക്കേണ്ടി വന്നാൽ അതിന്റെ തയാറെടുപ്പും മോക്ഡ്രിൽ സമയത്ത് വിലയിരുത്തപ്പെടും. ഓഫിസുകളിലാണ് നിൽക്കുന്നതെങ്കിൽ മുകള്‍ നിലയില്‍ നില്‍ക്കാതെ താഴത്തെ നിലയിലേക്കോ പാര്‍ക്കിങ്ങിലേക്കോ മാറണം. വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഒന്നും നില്‍ക്കാതെ ബെയ്‌സ്‌മെന്റ് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കാണു മാറേണ്ടത്. പാര്‍ക്ക് പോലെ പൊതുവിടങ്ങളില്‍ നില്‍ക്കാന്‍ പാടില്ല.
വൈദ്യുതി വിച്ഛേദിക്കപ്പെടാം മൊബൈൽ സിഗ്നലുകളും
മോക്ഡ്രില്ലിന്റെ ഭാഗമായി യുദ്ധസമയത്ത് പൗരൻമാർ നേരിടേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങളും യഥാർഥത്തിൽ സംഭവിച്ചേക്കാം. ഇതിൽ പ്രധാനമാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക എന്നത്. കുറച്ച് നേരത്തേക്കെങ്കിലും വൈദ്യുതി ബന്ധത്തിൽ തകരാർ സംഭവിച്ചേക്കാം. ഫോൺ സിഗ്നലുകൾക്കും ഈ ഘട്ടത്തിൽ തകരാർ സംഭവിച്ചേക്കാം.