Kerala

പൂരാവേശത്തിൽ ശക്തന്റെ മണ്ണ്; നിറച്ചാര്‍ത്തില്‍ അലിഞ്ഞ് ജനസാഗരം | Thrissur Pooram Kudamattam

തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരുഭാഗങ്ങളിലായി നിരന്നു

പൂരാവേശത്തിൽ തൃശൂർ. പൂരനഗരിയെ ആവേശത്തിലാഴ്ത്തുകയാണ് വർണാഭമായ കുടമാറ്റം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ മുഖാമുഖം അണിനിരന്നപ്പോള്‍ ശക്തന്റെ മണ്ണ് സാക്ഷ്യം വഹിച്ചത് കാഴ്ചയുടെ നിറക്കൂട്ടിന്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചു. ആദ്യം പുറത്തേക്കിറങ്ങിയത് പാറമേക്കാവാണ്. പിന്നാലെ തിരുവമ്പാടിയും ഇറങ്ങിയതോടെ വര്‍ണ വിസ്മയത്തിന്റെ വിരുന്ന് ഒരുങ്ങി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരുഭാഗങ്ങളിലായി നിരന്നു.

അതേസമയം, കര്‍ണപുടങ്ങളില്‍ കുളിര്‍മഴ പെയ്യിച്ചാണ് ഇലഞ്ഞിത്തറയില്‍ മേളം പെയ്തിറങ്ങിയത്. കിഴക്കൂട്ട് അനിയന്‍മാരാരും സംഘവും ഒരുക്കിയ പാറമേക്കാവിന്റെ മേളക്കാഴ്ച പൂരാവേശത്തിന്റെ പാരമ്യം നല്‍കി. ഇലഞ്ഞിത്തറയില്‍ പതികാലം തുടങ്ങി. കൊമ്പും കുഴലും ഇലത്താളവും ചെണ്ടകളും ചേര്‍ന്നു. മേളത്തിന്റെ കയറ്റിറക്കങ്ങളില്‍ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ചു, വിരലുകള്‍ വീശിച്ചുഴറ്റി. ഒടുവില്‍ കലാശം. കിഴക്കൂട്ട് അനിയന്‍ മാരാരും നാനൂറിലേറെ വരുന്ന കൂട്ടരുമൊരുക്കിയ നാദവിസ്മയം. പാണ്ടി മേളത്തിന്റെ നിറ താളം. മനംനിറച്ച വിരുന്ന്.

STORY HIGHLIGHTS :  Thrissur Pooram Kudamattam