പാകിസ്താന്‍ അതിര്‍ത്തിയില്‍ അഭ്യാസപ്രകടനം നടത്താന്‍ വ്യോമസേന തയ്യാറെടുക്കുന്നു. രാജസ്ഥാനിലെ അതിര്‍ത്തിയിലാണ് സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് നാളെ അഭ്യാസപ്രകടനം നടത്തുന്നത്. മേഖലയില്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചു. വൈകിട്ട് മൂന്നര മുതല്‍ മറ്റന്നാള്‍ രാത്രി വരെ വ്യോമ മേഖലയില്‍ നിയന്ത്രണമുണ്ടാകും. റഫേലടക്കമുള്ള വിമാനങ്ങള്‍ അഭ്യാസത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുക. സംസ്ഥാന വ്യാപകമായി നാളെ മോക്ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
യുദ്ധ സാഹചര്യത്തില്‍ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് മോക് ഡ്രില്‍ . 1971 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് രാജ്യം സാക്ഷിയാവുന്നത്. രാവിലെ 11 മണിയോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചു ചേര്‍ത്തു. ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ള വിവിധ ഏജന്‍സികളുടെ തലവന്മാരും യോഗത്തില്‍ ഉണ്ടായിരുന്നു. വ്യോമാക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള വഴി, തന്ത്രപ്രധാന സ്ഥാപനങ്ങളെ ശത്രുവിന്റെ കണ്ണില്‍ നിന്നും മറയ്ക്കുക, അടിയന്തര സാഹചര്യത്തില്‍ ആശയവിനിമയം തുടങ്ങി ജനങ്ങള്‍ക്ക് നല്‍കേണ്ട മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
കേന്ദ്രം തയ്യാറാക്കിയ സിവില്‍ ഡിഫന്‍സ് ജില്ലകളുടെ പട്ടികയില്‍ തിരുവനന്തപുരവും എറണാകുളം ഉണ്ട്. എന്നാല്‍ നാളെ സംസ്ഥാന വ്യാപകമായിത്തന്നെ മോക്ക്ഡ്രില്‍ നടത്തും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ്. കേരളത്തിലെ ഡാമുകളുടെ സുരക്ഷ കൂട്ടാനുള്ള നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. അതേ സമയം പ്രധാനമന്ത്രിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ വീണ്ടും ചര്‍ച്ച നടത്തി. 12 മണിക്കൂറില്‍ രണ്ടാം തവണയായിരുന്നു കൂടിക്കാഴ്ച.
STORY HIGHLIGHTS : Air Force to conduct exercises on Pakistan border