ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾ തകര്‍ത്തു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം.
നീതി നടപ്പാക്കപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു. പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും. ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു. കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം പാകിസ്താൻ സ്ഥിരീകരിച്ചു.
ആക്രമണം പാകിസ്താൻ സ്ഥിരീകരിച്ചു. അഞ്ചിടങ്ങളിൽ ആക്രമണം നടത്തിയതായാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്. ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശമുണ്ടെന്നും മുഴുവൻ രാജ്യവും പാക് സൈന്യത്തിനൊപ്പം ഉണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 10ന് പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. തിരിച്ചടിയെ കുറിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. യുഎസ്, ബ്രിട്ടൻ, സൗദി, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ സൈനിക നടപടിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.