തിരുവനന്തപുരം: പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള മോക് ഡ്രിൽ ഇന്ന് വൈകിട്ട് നാലിന് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സജ്ജീകരിച്ച കൺട്രോൾ റൂമുകളിലേക്ക് വ്യോമസേന നൽകുന്ന സന്ദേശത്തെ തുടർന്നായിരിക്കും സിവിൽ ഡിഫൻസ് സംവിധാനം സജീവമാകുന്നത്. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിർദ്ദേശം നൽകി.
പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എയർ വാണിങ് ലഭിക്കുന്നതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങും. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലായിരിക്കും ഡ്രിൽ സംഘടിപ്പിക്കുക.
മോക്ക് ഡ്രിൽ സംബന്ധിച്ച് അധികൃതർ നൽകുന്ന നിർദേശങ്ങൾ:
- ദീർഘമായ സൈറൺ അപായ മുന്നറിയിപ്പാണ്. സുരക്ഷിതമാണെന്ന സൂചനയാണു ചെറിയ സൈറൺ.
- ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകണം.
- സ്‌കൂളുകളിലും ബേസ്‌മെന്റുകളിലും കമ്യൂണിറ്റി ഹാളുകളിലും പ്രഥമശുശ്രൂഷാ കിറ്റുകൾ തയാറാക്കണം.
- റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡ്രിൽ വാർഡൻമാരെ നിയോഗിക്കണം.
- മോക്ക് ഡ്രിൽ സമയത്ത് വീടുകളിലെ വെളിച്ചം ഓഫാക്കണം (ബ്ലാക്ക് ഔട്ട്). കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. വീടുകളിൽ നിന്ന് വെളിച്ചം പുറത്തുപോകാതിരിക്കാൻ ജനലുകളിൽ കട്ടിയുള്ള കാർഡ്ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കുക.
- വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്കു മാറുക.
- ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കരുത്.
- ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങൾ ഓഫാക്കുക.