ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലിങിനിടെ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.
പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലെയും ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർക്കു പരുക്കേറ്റതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതിനിടെയാണ് പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യം വച്ചത്. 1971ലെ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് പാകിസ്ഥാനെതിരെ ഇന്ത്യൻ കര – നാവിക – വ്യോമസേന സംയുക്ത ആക്രമണം നടത്തിയിരിക്കുന്നത്.
പാകിസ്ഥാന്‍റെ ഷെല്ലിങിനിടെ അതിര്‍ത്തിയിലെ മൂന്നു വീടുകള്‍ക്കും തീപിടിച്ചു. പൂഞ്ച്, രജൗരി, കുപ്‍വാര മേഖലകളിലെ ഏഴിടങ്ങളിലാണ് കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. പാക് ഷെല്ലിങിൽ ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്. ഇതിനിടെ, ഓപ്പറേഷൻ സിന്ദൂര്‍ വിജയകരമെന്ന് പ്രധാനമന്ത്രിയെ സൈന്യം ധരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങും സൈനിക മേധാവിമാരുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്.