ഇന്ത്യ-പാകിസ്ഥാൻ പ്രതിസന്ധി രൂക്ഷമായതോടെ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്. പഞ്ചാബ് ആശുപത്രികളിലെ എല്ലാ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും അവധി റദ്ദാക്കി ജോലിയിൽ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസിലെയും മറ്റ് പ്രസക്തമായ ഏജൻസികളിലെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. വിജ്ഞാപന പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവുണ്ട്. “ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കിയിട്ടുണ്ട്, അവധിയിൽപോയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്,” ആശുപത്രികളും രക്ഷാ സേവനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.