പാകിസ്ഥാനിൽ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് പൊലീസ് സജ്ജമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തർപ്രദേശ് അതീവ ജാഗ്രതയിൽ എന്ന് ഡിജിപി. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താനും യുപി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിന്റെ പുറമെ രാജ്യതലസ്ഥാനമായ ഡൽഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിൽ ഉണ്ട്.
ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങൾ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാക് അതിർത്തി ജില്ലകളിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഗനഗർ, ബിക്കാനീർ, ജയ്സാൽമീർ, ബാർമർ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
ജമ്മുവിൽ നാല് മേഖലയിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിലെ സാഹചര്യം ജമ്മു കശ്മീർ ലെഫ്റ്റ് ഗവർണർ വിലയിരുത്തി. ഗ്രാമവാസികളെ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയെന്ന് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
താമസം, ഭക്ഷണം, വൈദ്യസഹായം, ഗതാഗതം എന്നിവ ഉറപ്പാക്കുമെന്നും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ യൂണിവേഴ്സിറ്റി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.