ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശേഷം ആര് സഭയെ നയിക്കുമെന്ന ആകാംഷയിലാണ് ലോകം. ഏറെ കടമ്പകൾ പിന്നിട്ടു മാത്രമാണ് പുതിയ പാപ്പായെ തെരഞ്ഞെടുക്കു എന്നിരിക്കെ സമൂഹ മാധ്യമങ്ങളിൽ വലിയചർച്ചയാണ് നടക്കുന്നത്. ഇന്ന് ഉച്ചയക്ക് ഇന്ത്യ സമയം 1.30നാണ് കോൺക്ലേവ് ചേരുന്നത്. ഭൂമിശാസ്ത്രപരമായി ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന കോൺക്ലേവാണിത്. 80 വയസിൽ താഴെയുള്ള 135 കർദിനാൾമാർക്കാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശം. ഇവർ 71 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നതാണ് കോൺക്ലേവിനെ സവിശേഷമാക്കുന്നത്.
135 കർദിനാൾമാരിൽ രണ്ടു പേർ അനാരോഗ്യം മൂലം പങ്കെടുക്കുന്നില്ല. അതോടെ, സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്നവരുടെ എണ്ണം 133 ആയി കുറഞ്ഞു. ഇവരിൽ മൂന്നിൽ രണ്ടു പേരുടെ പിന്തുണ (കുറഞ്ഞത് 89 വോട്ടുകൾ) ലഭിക്കുന്ന ആളാകും അടുത്ത മാർപാപ്പ.
ഇറ്റലിയിൽ നിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 17 കർദിനാൾമാരാണ് ഇറ്റലിയിൽ നിന്നു കോൺക്ലേവിൽ പങ്കെടുക്കുന്നത്. രണ്ടാം സ്ഥാനത്ത് യുഎസ്-10. ബ്രസീൽ (7), ഫ്രാൻസ്, സ്പെയ്‌ൻ (അഞ്ചു വീതം), അർജന്‍റീന, ക്യാനഡ, ഇന്ത്യ, പോളണ്ട്, പോർച്ചുഗൽ (നാലു വീതം) എന്നിങ്ങനെയാണു മറ്റു പ്രധാന രാജ്യങ്ങളിൽ നിന്നുള്ള കർദിനാൾമാരുടെ എണ്ണം.
വൻകരകളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 53 കർദിനാൾമാർ യൂറോപ്പിൽ നിന്നാണ്. ഇവരിൽ സ്പെയ്‌നിൽ നിന്നുള്ള ഒരാൾ പങ്കെടുക്കുന്നില്ല. അതിനാൽ 52 വോട്ടുകൾ. രണ്ടാം സ്ഥാനം ഏഷ്യയ്ക്കാണ്-23 പേർ. ആഫ്രിക്കയ്ക്ക് 18 കർദിനാൾമാരുണ്ട്. കെനിയയിൽ നിന്ന് ഒരാൾ പങ്കെടുക്കുന്നില്ലെന്നതിനാൽ 17 വോട്ടുകൾ. തെക്കേ അമെരിക്കയ്ക്കും 17 വോട്ടുകൾ. വടക്കെ അമെരിക്കയ്ക്ക് 16 വോട്ടാണുള്ളത്. ഇവരിൽ 10 പേരും യുഎസിൽ നിന്ന്. ക്യാനഡയ്ക്കു നാലും മെക്സിക്കോയ്ക്ക് രണ്ടും വോട്ടുകൾ. മധ്യ അമെരിക്കയ്ക്കുമുണ്ട് നാല് വോട്ടുകൾ. ഓഷ്യാനിയ ഗ്രൂപ്പിന് നാല് വോട്ടുകൾ. ഓസ്ട്രേലിയ, ന്യൂസിലൻഡ്, പപ്പുവ ന്യൂഗിനിയ, ടോംഗ രാജ്യങ്ങളിൽ നിന്നുള്ള കർദിനാൾമാരാണ് ഇവർ.
content highlight: Vatican