പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ട 22 പേരുടെ കുടുംബങ്ങളുടെ വേദനകള്‍ക്കും അനാഥത്വങ്ങള്‍ക്കും രാജ്യം മറുപടി നല്‍കുമ്പോള്‍ ഇതിലും കൃത്യമായൊരു പേര് വേറെയില്ലെന്നാണ് വരുന്ന പ്രതികരണങ്ങളിലേറെയും.
കഴിഞ്ഞ ആഴ്ച നടന്ന ഉന്നതതല യോഗങ്ങളില്‍, അടുത്തിടെയുണ്ടായ ഭീകരാക്രമണം ഇന്ത്യന്‍ പുരുഷന്മാരെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകളെയും കുടുംബങ്ങളെയും പറ്റിയും അദ്ദേഹം സംസാരിച്ചിരുന്നു.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടി നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി മുഴുവന്‍ സ്ഥിഗതികള്‍ നിരീക്ഷിച്ചിരുന്നുവെന്ന് വിവരം. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ നിരന്തരം വിവരം അറിയിച്ചുകൊണ്ടിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മില്‍ ഒന്നിലേറെ തവണ ആശയവിനിമയങ്ങള്‍ നടന്നിരുന്നു.
കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. ഓപ്പറേഷനിൽ 600 ഭീകരരെയാണ് ലക്ഷ്യം വച്ചതെങ്കിലും എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു.