പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയ്ക്കും ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. ഭീകരവാദത്തെ വേരൊടെ പിഴുതെറിയുമെന്നും അമിത് ഷാ വ്യക്തമാക്കി.
‘നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’, അമിത് ഷാ എക്‌സില്‍ കുറിച്ചു.
ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്‌സിൽ പ്രതികിച്ചു.
ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റ്കൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ അക്രമണം നടത്തിയത്.
ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലാണ് തിരിച്ചടി.