പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരണവുമായി മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. പഹൽഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തിയെന്ന് എ കെ ആന്റണി പറഞ്ഞു. ധീരരായ ഇന്ത്യൻ സൈന്യത്തിനും ജവാന്മാർക്കും ബിഗ് സല്യൂട്ട് നൽകുകയാണ്. ഭീകരർക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് ഉണ്ടാകാത്ത നിലയിൽ ടൂറിസം തകർന്നിട്ടും കാശ്മീർ ജനങ്ങളിലെ മഹാ ഭൂരിപക്ഷം ആളുകളും ഭീകരതയ്ക്കെതിരെ ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. പാക് സൈന്യത്തിന്റെ തൊട്ട് പിറകിലുള്ള അതിർത്തിയിലെ ഭീകകരുടെ ക്യാമ്പുകളെ ഇന്ത്യൻ സൈന്യം തുടച്ച് നീക്കുമെന്ന് പൂർണ വിശ്വാസമുണ്ട്. പക്ഷെ എപ്പോൾ എങ്ങിനെ വേണം എന്നുള്ളത് സൈന്യത്തിന്റെ തീരുമാനമാണെന്നും തുടക്കം നന്നായി ഇന്ത്യയ്‌ക്കൊപ്പം ലോക മനസാക്ഷി കൂടെയുണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യം രാഷ്ട്രം ഏൽപ്പിക്കുന്ന ഏത് ദൗത്യവും എന്ത് ത്യാഗം സഹിച്ചും വിജയിപ്പിക്കാനായി പോരാടുമെന്ന് തനിക്ക് ഉറപ്പുണ്ട്. രാജ്യം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ഒരു വിവാദങ്ങൾക്കും സ്ഥാനമില്ലെന്ന് എ കെ ആന്റണി കൂട്ടിച്ചേർത്തു.
ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്‌സിൽ പ്രതികിച്ചു.
ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റ്കൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ അക്രമണം നടത്തിയത്.
ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലാണ് തിരിച്ചടി.