ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് വടക്കൻ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർലൈനുകളാണ് റദ്ദാക്കിയത്.
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു.
ഇൻഡിഗോ, സ്പേസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കൂടാതെ ദുബായ്, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ ഒരു കാരണവാശാലും പാകിസ്ഥാൻ വിമാനത്താവളത്തിൽ എത്തേണ്ടതില്ലെന്നും കറാച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളുടെ ഷെഡ്യൂളുകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ പാകിസ്ഥാനിലേക്ക് സർവീസ് നടത്തിയ അബുദാബിയിൽ നിന്ന് ലാഹോറിലേക്കുള്ള ഇവൈ284, കറാച്ചിയിലേക്കുള്ള ഇവൈ296, ഇസ്ലാമാബാദിലേക്കുള്ള ഇവൈ302 ഇത്തിഹാദ് വിമാന സർവീസുകൾ അബുദാബിയിലേക്ക് തിരികെ മടങ്ങിയതായി ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു.
പാകിസ്ഥാൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നായിരുന്നു ഇത്. കൂടാതെ കറാച്ചി- അബുദാബി, ലാഹോർ- അബുദാബി, ഇസ്ലാമാബാദ്-അബുദാബി വിമാന സർവീസുകൾ റദ്ദാക്കിയതായും എയർവേസ് അധികൃതർ അറിയിച്ചു.