നിയന്ത്രണരേഖ സംഘർഷ ഭരിതമാകുകയാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പ്രതികാര നടപടി,ഓപ്പറേഷൻ സിന്ദൂരയ്‌ക്ക് പിന്നാലെ പാക്കിസ്ഥാൻ്റെ മിസൈൽ ആക്രമണവും ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടിയുമെല്ലാം അതിർത്തി പ്രദേശങ്ങളിലെ സാധാരണക്കാരെ ഭയപ്പെടുത്തുന്നു.
ഏപ്രിൽ 22 ന് പഹൽഗം അക്രമണത്തോടെ കശ്മീരിലെ അതിർത്തി പ്രധേശങ്ങളിലെ ജീവിതം അശാന്തമായിരുന്നു.ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലേതുള്‍പ്പെടെ ഒൻപത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതിന ശേഷം ഇവിടം ജനം സുരക്ഷതേടിപോകുകയാണ്.
ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടിയിൽ ജെയ്‌ഷെ-ഇ-മുഹമ്മദിൻ്റെ ശക്തികേന്ദ്രമായ ബഹവൽപൂരും മുരിദ്കെയിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ താവളവും ഉൾപ്പെടുന്നു. വടക്കൻ കശ്‌മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിലെ കർണ, ഉറി സെക്‌ടറുകളിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ കനത്ത ഷെല്ലാക്രമണമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇരുവിഭാഗവും തമ്മിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം തുടരുന്നുവെന്നാണ് ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുന്നത്. പാകിസ്ഥാൻ ഷെല്ലാക്രമണത്തെ തുടർന്ന് ജനങ്ങള്‍ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അതിർത്തിയിലുള്ളവർ ഭൂഗർഭ ബങ്കറുകളിൽ കഴിയുകയാണ്.
ഉറി സെക്‌ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 സാധാരണക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷെല്ലാക്രമണം രൂക്ഷമായതിനാലാണ് പ്രദേശവാസികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നത്.