പാകിസ്ഥാനിലെ ഭീകര ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. സോഷ്യല്‍ മീഡിയയിലൂടെ ആയുരുന്നു താരങ്ങളുടെ പ്രതികരണം.
മമ്മുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
”നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
”ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നാം സിന്ദൂരം തൊടുന്നത്. നമ്മുടെ ഇളകാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ മുദ്രയായി കൂടിയാണ്. വെല്ലുവിളി വരുമ്പോള്‍ നാം ഉയരും, എപ്പോഴത്തേതിലും ഭയരഹിതമായും ശക്തമായും. ഇന്ത്യന്‍ സൈന്യത്തിന്റെയും നാവികസേനയുടെയും വ്യോമസേനയുടെയും ബിഎസ്എഫിന്റെയും ഓരോ ധീര ഹൃദയങ്ങള്‍ക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളിലെ അഭിമാനത്തെ ഉണര്‍ത്തുന്നത് ”. ജയ് ഹിന്ദ്’, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഒപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ചും ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ചും രംഗത്ത് എത്തുന്നുണ്ട്. ‘അവര്‍ മായ്ച്ചു കളയാന്‍ ശ്രമിച്ചത് നമ്മുടെ അമ്മയുടെയും, സഹോദരിമാരുടെയും സിന്ദൂരം. പകരം നമ്മള്‍ തുടച്ചുനീക്കുന്നത് തിന്മയുടെ രക്തക്കറ ചാര്‍ത്തുന്ന ഭീകരതയുടെ സിരാകേന്ദ്രങ്ങള്‍. ഇത് ഇന്ത്യന്‍ സ്ത്രീത്വത്തിനു നേരെ കയ്യോങ്ങിയവര്‍ക്ക് നല്‍കിയ നെഞ്ച് വിരിച്ചുള്ള മറുപടി. ഭീകരത തുലയട്ട. ജയ് ഹിന്ദ്’, എന്നാണ് ഗോകുലം ഗോപാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘എന്റെ രാജ്യം..എന്റെ അഭിമാനം. salute to our real heroes’, എന്നാണ് ഗിന്നസ് പക്രുവിന്റെ വാക്കുകള്‍. ‘നമ്മുടെ സായുധ സേനയ്ക്ക് സല്യൂട്ട്. ജയ് ഹിന്ദ്’, എന്ന് സുരാജ് വെഞ്ഞാറമൂടും കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണം നടന്ന് പതിഞ്ച് ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. പാകിസ്ഥാനിലും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലും സ്ഥിതി ചെയ്യുന്ന നിരോധിത ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നീക്കം നടത്തിയത്.