പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഭാഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യൻ തിരിച്ചടിയ്ക്ക് ശേഷം മോദി പ്രതികരിച്ചത്.
മോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി സേനയെ അഭിനന്ദിച്ചത്.
നിലവിൽ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അദ്ദേഹം രാഷ്ട്രപതിയോട് വിശദീകരിച്ചു.
ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് കരുതുന്നത്.
പാകിസ്ഥാനിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാംപുകളെയാണ് ബുധനാഴ്ച പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ചത്. മുൻകൂട്ടി തയാറാക്കിയ തയാറെടുപ്പുകൾ കർശനമായി പാലിച്ചുകൊണ്ടാണ് സൈന്യം വളരെ കൃത്യതയോടെ ദൗത്യം നിർവഹിച്ചതെന്നും പ്രധാനമന്ത്രി മോദി മന്ത്രിസഭയെ അറിയിച്ചിട്ടുണ്ട്.