ന്യൂഡല്‍ഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ- പാകിസ്താന്‍ സംഘർഷത്തിനിടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്നും ബിസിസിഐ.
അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങള്‍ നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു.
ഐപിഎല്‍ 18-ാം സീസണിലെ ആകെയുള്ള 74 മത്സരങ്ങളില്‍ 56 എണ്ണവും നടന്നുകഴിഞ്ഞു. ഏപ്രില്‍ 22-ലെ പഹല്‍ഗാം ആക്രമണവും ഐപിഎല്‍ മത്സരങ്ങളെ ബാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ബിസിസിഐ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ആവശ്യമെങ്കില്‍ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചു. ഒരു വിദേശ കളിക്കാരനോ കമന്റേറ്ററോ ഇന്ത്യയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നത് കേട്ടിട്ടില്ലെന്നും ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പോലെ നടക്കുമെന്നും മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.