ഇന്ത്യ ഇന്നലെ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ സമനില തെറ്റിയിരിക്കുകയാണ് പാക്കിസ്ഥാനെന്ന് തോന്നും ഇപ്പോഴത്തെ നടപടി. പഹൽഗാമിന് തിരിച്ചടി നൽകിയ ഇന്ത്യ ഒരു സാധാരണക്കാരൻ പോലും അക്രമിക്കപ്പെടില്ലെന്ന് ഉറപ്പാക്കിയിരുന്നു. അതായിരുന്നു ഇന്ത്യയുടെ ധാർമ്മികത. ഓപ്പറേഷൻ സിന്ദുരയെക്കുറിച്ച് വിവരിക്കുന്നതിനിടയിൽ സേന ഇത് വ്യക്തമാക്കിയതാണ്. ഭീകരരെ മാത്രം ഉന്നം വെച്ചായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര. പക്ഷെ പാക്കിസ്ഥാൻ തിരിച്ചടിക്കുന്നത് ഒരു രാജ്യത്തിന് ചേരാത്ത രീതിയിലാണ്.
പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളിൽ കൃത്യമായ ആക്രമണം നടത്തിയതിന് സായുധ സേനയെ പ്രശംസിച്ച പ്രതിരോധമന്ത്രി രാജ് നാഥ് സിങ് സൂചിപ്പിച്ചതും ഇത് തന്നെയാണ്.ഈ ഓപ്പറേഷൻ നമ്മുടെ സൈനിക കൃത്യതയെ മാത്രമല്ല, നമ്മുടെ ധാർമ്മിക സംയമനത്തെയും പ്രതിഫലിപ്പിക്കുന്നു. ഭഗവാൻ ഹനുമാന്റെ വാക്കുകളിൽ പറഞ്ഞാൽ: ‘ ജിൻ മോഹി മാര, തിൻ മോഹി മാരേ ‘. ഇതിനർത്ഥം നമ്മുടെ നിരപരാധികളെ ദ്രോഹിച്ചവരെ മാത്രമേ ഞങ്ങൾ ആക്രമിച്ചുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഒരു സാധാരണ സ്ഥലത്തെയോ സാധാരണ ജനങ്ങളെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സായുധ സേന സംവേദനക്ഷമത കാണിച്ചുവെന്ന് സിംഗ് പറഞ്ഞു.
“നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇന്നലെ രാത്രി ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചുകൊണ്ട് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ സായുധ സേന കൃത്യതയോടെയും ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും പ്രവർത്തിച്ചു. ഞങ്ങൾ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങൾ ആസൂത്രിത പദ്ധതി പ്രകാരം കൃത്യതയോടെ നശിപ്പിക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
“അതായത്, സൈന്യം ഒരുതരം കൃത്യത, മുൻകരുതൽ, അനുകമ്പ എന്നിവ കാണിച്ചിട്ടുണ്ട്, അതിന് ഞാൻ നമ്മുടെ സൈനികരെയും ഉദ്യോഗസ്ഥരെയും മുഴുവൻ രാജ്യത്തിന്റെയും പേരിൽ അഭിനന്ദിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചുവെന്നും തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ നടപടി വളരെ ആലോചിച്ചും കൃത്യമായും എടുത്തിട്ടുണ്ട്. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഈ നടപടി അവരുടെ ക്യാമ്പുകളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെയും പിഒകെയിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ വ്യോമ, പീരങ്കി ആക്രമണങ്ങളെക്കുറിച്ച് പരാമർശിച്ച സിംഗ്, പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ നന്നായി ചിന്തിച്ചുകൊണ്ടെടുത്ത പ്രതികരണമായിരുന്നു ഈ ഓപ്പറേഷനെന്ന് പറഞ്ഞു. പക്ഷെ ഇന്ത്യയുടെ ധാർമ്മികതയൊന്നും പാക്കിസ്ഥാന് ഇല്ലയെന്ന് അവർനടത്തുന്ന കള്ള പ്രചരണവും പ്രത്യാക്രമണവും നിരീക്ഷിച്ചാൽ മനസ്സിലാകും. എന്നാൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് ഇന്ത്യയുടെ കണക്ക്.
രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ ഇന്ത്യ അടച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി, വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.