മുംബൈ: സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് കായിക ഇതിഹാസങ്ങൾ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ് തുടങ്ങി നിരവധി കായിക ഇതിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ പിന്തുണ പങ്കിട്ടു. ഭീകരവാദത്തിന് ഇവിടെ ഇടമില്ല, ഞങ്ങൾ ഒരു ടീം ആണെന്ന് സച്ചിൻ എക്‌സിൽ എഴുതി.
‘‘ഐക്യത്തിൽ നിർഭയം. ശക്തിയിൽ അതിരുകളില്ല. ഇന്ത്യയുടെ കവചം അതിന്റെ ജനമാണ്. ഈ ലോകത്ത് ഭീകരർക്ക് ഇടമില്ല. ഞങ്ങൾ ഒരു ടീമാണ്!’’– സച്ചിൻ തെൻഡുൽക്കർ പ്രതികരിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് ഇന്ത്യൻ ചെസ് താരം വിദിത് ഗുജ്റാത്തിയും പ്രതികരിച്ചു. ‘‘പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നൽകിയ മറുപടിയിൽ എനിക്കു സന്തോഷമുണ്ട്. ഭീകരവാദത്തിനു മറുപടിയില്ലാതെ പോകരുത്. ഓപ്പറേഷനു നൽകിയ പേര് എന്ത് മനോഹരമാണ്. ഭാരത് മാതാ കി ജയ്’’– ഗുജ്റാത്തി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്ത്യയുടെ സൈനിക നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്നു പേരിട്ടതിനെ വീരേന്ദർ സേവാഗും അഭിനന്ദിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം മിസൈലാക്രമണം നടത്തിയത്. ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ദൗത്യം പൂർത്തിയാക്കിയത്. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പ്രതികരിച്ചു.