Business

ബാങ്ക് ഓഫ് ബറോഡയ്ക്ക് 19,581 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,581 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.വാര്‍ഷികാടിസ്ഥാനത്തില്‍ 10.1 ശതമാനം വളര്‍ച്ചയാണിതു കാണിക്കുന്നത്. ബാങ്കിന്‍റെ ആഗോള ബിസിനസ് 27 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലു പിന്നിട്ടതായും 2025 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അറ്റ പലിശ വരുമാനം 2.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 45,659 കോടി രൂപയായി. പലിശ ഇതര വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 16,647 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 4.7 ശതമാനം വര്‍ധനവോടെ 32,435 കോടി രൂപയിലെത്തി. ബാങ്കിന്‍റെ ആഗോള വായ്പകള്‍ 12.8 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ആഭ്യന്തര വായ്പകള്‍ 13.7 ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയത്. റീട്ടെയില്‍ വായ്പകളാണ് ഇതില്‍ പ്രധാന പങ്കു വഹിച്ചത്.

ആവശ്യമായ അംഗീകാരങ്ങള്‍ക്കു വിധേയമായി ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് 418 ശതമാനം ലാഭവിഹിതവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബാങ്കിന്‍റെ ആകെ എന്‍പിഎ 12.6 ശതമാനം കുറവു രേഖപ്പെടുത്തി 27,835 കോടി രൂപയിലെത്തി.

ബാങ്ക് ഓഫ് ബറോഡ 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസത്തില്‍ 5,048 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. തൊട്ടുമുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 4,886 കോടി രൂപയേക്കാള്‍ 3.3 ശതമാനം വളര്‍ച്ച നേടി. അറ്റ പലിശ വരുമാനം 6.6 ശതമാനം കുറഞ്ഞ് 11,020 കോടി രൂപ രേഖപ്പെടുത്തി. പലിശ ഇതര വരുമാനം 24.3 ശതമാനം വളര്‍ച്ചോടെ 5,210 കോടി രൂപയിലും എത്തിയിട്ടുണ്ട്. നാലാം ത്രൈമാസത്തിലെ ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 0.3 ശതമാനം വര്‍ധനവോടെ 8,132 കോടി രൂപയിലെത്തി.