ഇസ്‍ലാമാബാദ്: ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ കുടുംബത്തിലെ പത്തുപേരും നാല് അനുയായികളും മരിച്ചതിൽ ഖേദമോ നിരാശയോ ഇല്ലെന്ന് ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. മസ്ഹൂദ് അസഹ്‌റിന്റെ അനന്തരവൻ, അനന്തരവന്റെ ഭാര്യ, മൂത്ത സഹോദരി, അവരുടെ ഭർത്താവ്, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു.
‘എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്. എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു’– മസൂദ് അസ്ഹർ പറഞ്ഞു.
തനിക്ക് ഇതിൽ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയിൽ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവർക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മസൂദ് അസ്ഹർ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയുടെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001–ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പഠാൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്. അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, ഇസ്‍ലാമാബാദ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.