പഹൽഗാമിൽ മരിച്ചുവീണ 26 പേരുടെ ചോരയ്ക്ക് മറുപടികൊടുത്തിരിക്കുകയാണ് ഇന്ത്യ. ഇന്ന് പുലർച്ചെ രാജ്യം ഉറങ്ങികിടക്കുമ്പോൾ സൈന്യം അതിർത്തി കടന്ന് ശത്രു സംഹാരം നടത്തുകയായിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂരയ്ക്ക് ശേഷം പാക്കിസ്ഥാൻ ഇന്ത്യയിലെ സാധാരണ ക്കാർക്ക് നേരെ ആക്രമണം നടത്തി.
ഇപ്പോൾ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ നടത്തി രംഗത്തെത്തിയിരിക്കുകയാണ് പാക്ക് പ്രധാനമന്ത്രി. ഇന്ത്യയുടെ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചത്. എന്നാൽ ഇന്ത്യൻ മണ്ണിൽ ഭീകരർ കൊന്ന 26 പേരുടെ മരണത്തിന് ഉത്തരവാദികളായ ഭീകരരെയാണ് ഇന്ത്യ വധിച്ചതെന്നത് പാക്ക് പ്രധാനമന്ത്രി ബോധപൂർവ്വം വിസ്മരിച്ചു.
ഷെഹബാസ് ഷെരീഫിന്റെ വാക്കുകൾ ഇങ്ങനെ ‘പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ 80 യുദ്ധ വിമാനങ്ങള്‍ പാകിസ്താനെ ആക്രമിക്കാന്‍ ഉപയോഗിച്ചു. ഇരുട്ടിന്റെ മറവില്‍ ഒളിയാക്രമണമാണ് ഇന്ത്യ നടത്തിയത്’,
പാകിസ്താന്റെ ധീരസൈനികര്‍ ഇന്ത്യയെ പ്രതിരോധിച്ചെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനമുള്‍പ്പെടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്നും പാക് സൈന്യം ഇന്ത്യയ്ക്ക് തക്കതായ മറുപടി നല്‍കിയെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ബലൂചിസ്ഥാനില്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്തത് ഇന്ത്യയുടെ നീക്കമാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ടിടിപി (തെഹ്‌രീക് ഇ താലിബാന്‍ പാകിസ്താന്‍), ബിഎല്‍എ (ബലൂച് ലിബറേഷന്‍ വോയ്‌സ്) എന്നിവരുമായി ചേര്‍ന്നാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും നിരപരാധികളെ കൂട്ടക്കൊല ചെയ്തുവെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ റഫേല്‍ ജെറ്റുകളില്‍ അഭിമാനിക്കുന്നുവെന്നും അഭിമാനം കൊണ്ട് മാത്രം ഒന്നും നേടാനാവില്ലെന്നും കഠിനാധ്വാനമാണ് പ്രധാനമെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
എന്തായാലും പാക്കിസ്ഥാന്റെ തിരിച്ചടി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മാത്രമല്ല സാധാരണക്കാർക്കും ജാഗ്രത നിർദ്ദേശവും മോക്കഡ്രില്ലും നൽകിയിട്ടുണ്ട്. മാത്രമല്ല ഇരു രാജ്യങ്ങളുടേയും ബന്ധം വഷളായ സാഹചര്യത്തിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വിധത്തിലുള്ള പ്രകോപനമുണ്ടായാൽ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാനിലെ സാധാരണക്കാരെയോ സൈനികരെയോ ലക്ഷ്യമിട്ടല്ല ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന്റെ പ്രകോപനമപരമായ ആക്രമണങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. മുമ്പ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഉപയോഗിച്ചതും സമാന ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതുമായ തീവ്രവാദ കേന്ദ്രങ്ങളാണ് ആക്രമണത്തില്‍ തകര്‍ത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സേന പാക്കിസ്ഥാന്റെ ഒരു സൈനിക സ്ഥാപനത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഈ രാത്രി നിർണ്ണായകമാണ്. ഇന്ന് പുലർച്ചെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് സമാനമായ ആക്രമണമായിരിക്കാം പാക്കിസ്ഥാനും പദ്ധതിയിടുന്നത്. അതേസമയം ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.