ഹോങ്കോങ്: ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ കുട്ടിക്ക് വൈറ്റ് വൈൻ നൽകിയ എയർലൈനെതിരെ പരാതിയുമായി മാതാപിതാക്കൾ രംഗത്ത്. കാത്തേ പസിഫിക് എയർവേയ്‌സിലെ ജീവനക്കാരിക്കാണ് അബദ്ധം പറ്റിയത്. മൂന്നുവയസുകാരന് എയർലൈൻ വൈറ്റ് വൈൻ നൽകിയ വാർത്ത ഇതിനോടകം സോഷ്യൽ മീഡിയയിലെല്ലാം പ്രചരിച്ചു.
സംഭവത്തിൽ തെറ്റുപറ്റിയതായി എയർലൈൻ സ്ഥിരീകരിച്ചു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി. ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്‌നോട്ടിലാണ് കുട്ടിയുടെ അമ്മ വോങ് ആദ്യം സംഭവത്തെക്കുറിച്ച് പങ്കുവച്ചത്. പിന്നീട് ചൈനീസ് മാധ്യമങ്ങളോടും അവർ പ്രതികരിച്ചു. മകന് വീഞ്ഞ് ലഭിച്ചത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയും അവർ പങ്കുവച്ചു.
തെറ്റ് സംഭവിച്ചതിൽ കാത്തേ പസിഫിക് ക്ഷമ ചോദിച്ചെങ്കിലും സംഭവത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകുകയോ ഇത് ആവർത്തിക്കാതിരിക്കാൻ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ തന്റെ മകനോട് കരുതൽ കാണിച്ചില്ലെന്നും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് അവർ ശ്രമിച്ചതെന്നും തോന്നിപ്പോയെന്നും വോങ്ങ് പറഞ്ഞു.
സംഭവത്തിനുശേഷം മകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടില്ലെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് 35 വയസ്സുള്ള വോങ്ങും ഭർത്താവും പറഞ്ഞു. എന്നാൽ, ചെറിയ കുട്ടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള വീഞ്ഞിന്റെയും മദ്യത്തിന്റെയും ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. ചെറിയ കുട്ടികളിൽ മദ്യപാനം നാഡീവ്യൂഹത്തിന്റെയും വളർച്ചയുടെയും ശാരീരിക പ്രവർത്തനങ്ങളുടെയും താളം തെറ്റിക്കുമെന്നും ഇത് ഉടനടി പ്രകടമാകില്ലെന്നും വോങ് പറഞ്ഞു. ശിശുരോഗ വിദഗ്ധരെക്കൊണ്ട് വിശദമായ വൈദ്യപരിശോധനകൾക്ക് സൗകര്യം ഏർപ്പാടാക്കുകയാണെന്നും അവർ അറിയിച്ചു.
കുട്ടിയുടെ ടിക്കറ്റിന്റെ പണം തിരികെ നൽകാം. ഒരു ക്ലാസ് അപ്‌ഗ്രേഡിനായുള്ള മൂന്ന് വൗച്ചറുകൾ നൽകാമെന്നും വൈദ്യപരിശോധനയുടെ ചെലവുകൾ വഹിക്കാമെന്നും കാത്തേ പസിഫിക് വാഗ്ദാനം ചെയ്തു. ടിക്കറ്റ് തുകയുടെയും നഷ്ടപരിഹാരത്തിന്റെയും ഏകദേശ മൂല്യം 75,000 രൂപ മുതൽ 85,000 രൂപ വരെയാണ്.
സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. തുടർനടപടികൾ നടപ്പാക്കുമെന്നും കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും എയർലൈൻ വക്താവ് പറഞ്ഞു.
വിമാനത്തിലെ മെഡിക്കൽ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടും സ്വതന്ത്ര മെഡിക്കൽ ഏജൻസിയുടെ സഹായം തേടിയും ജാഗ്രതയോടെയാണ് ജീവനക്കാർ പ്രവർത്തിച്ചതെന്നും കാത്തേ പസിഫിക് അറിയിച്ചു. യാത്രയിലുടനീളം കാബിൻ ക്രൂ കുട്ടിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നും യാത്രക്കാർ സാധാരണ നിലയിൽ വിമാനം വിട്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
അത്താഴ സമയത്താണ് സംഭവമുണ്ടായതെന്ന് വോങ് വിവരിച്ചു. ആദ്യം മകന് ചിക്കനും വെള്ളവുമാണ് നൽകിയത്. അതിനൊപ്പം ഗ്ലാസിൽ നൽകിയത് വെള്ളമാണെന്നാണ് കരുതിയത്. ഭർത്താവ് മകന് ചിക്കൻ മുറിച്ചു നൽകിയ ശേഷം തന്റെ സീറ്റിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിക്ക് കൂടുതൽ വെള്ളം ആവശ്യമുണ്ടെന്ന് പറയുകയും തനിക്ക് ലഭിച്ച വെള്ളത്തിന് പുളിയുണ്ടെന്ന് പറയുകയും ചെയ്തു. മാതാപിതാക്കൾ രുചിച്ചു നോക്കിയപ്പോഴാണ് അത് വൈറ്റ് വൈനാണെന്ന് തിരിച്ചറിഞ്ഞത്.
ഉടൻതന്നെ ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചപ്പോൾ അവർ ക്ഷമ ചോദിക്കുകയും ഗ്ലാസ് മാറ്റി വെള്ളം നൽകുകയും ചെയ്തു. ഈ പ്രതികരണത്തിൽ തൃപ്തയാകാതിരുന്ന വോങ് ഒരു സീനിയർ ക്രൂ അംഗത്തെ വിളിക്കുകയും അവർ പരാതി രേഖപ്പെടുത്തുകയും ഇൻ-ഫ്ലൈറ്റ് മെഡിക്കൽ അഡ്വൈസറി സർവീസായ മെഡ്‌ലിങ്കുമായി ബന്ധപ്പെടുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ഒരു ഫ്രഞ്ച് ഡോക്ടർ കുട്ടിയെ പരിശോധിക്കുകയും കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തന്റെ രാജ്യത്ത് അഞ്ച് വയസ്സുള്ള കുട്ടികൾക്ക് പോലും മദ്യം കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും വോങ് കൂട്ടിച്ചേർത്തു. ജീവനക്കാർ ഈ വിവരം മെഡ്‌ലിങ്കിന് കൈമാറിയെന്നും കുട്ടിക്ക് വെള്ളം നൽകാനും ഓക്കാനം, പനി തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കാനുമല്ലാതെ മറ്റ് നിർദ്ദേശങ്ങളൊന്നും അവർ നൽകിയില്ലെന്നും വോങ് പറഞ്ഞു.
ഏപ്രിൽ 26ന് കുടുംബത്തിന് അയച്ച ഇമെയിലിൽ, ഡ്രിങ്ക് ഓർഡറുകൾ രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്താൻ ജീവനക്കാർക്ക് ഉടൻ പരിശീലനം നൽകിയിട്ടുണ്ടെന്ന് കാത്തേ അറിയിച്ചു. വിമാനത്തിന്റെ പൈലറ്റിനെയും യാത്രയ്ക്കിടെ സംഭവം അറിയിച്ചിരുന്നുവെന്നും ആവശ്യമായ ആഭ്യന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇമെയിലിൽ പറയുന്നു.
തിരക്കിട്ടുള്ള നിയമനവും അപര്യാപ്തമായ പരിശീലനവുമാണ് സേവന നിലവാരം കുറയാൻ കാരണമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു കാത്തേ ഫ്ലൈറ്റ് പഴ്സർ അഭിപ്രായപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കാത്തേയ്ക്ക് ഇതൊരു മുന്നറിയിപ്പാകണമെന്നും പഴ്സർ പറഞ്ഞു. പരിചയമില്ലാത്ത ജീവനക്കാർ യുക്തിരഹിതമായ പല തെറ്റുകളും വരുത്തിയിട്ടുണ്ടെന്നും പഴ്സർ ആരോപിച്ചു.
ശരിയായ ഡ്രിങ്ക് ആണോ നൽകുന്നതെന്ന് ഉറപ്പാക്കാൻ കുട്ടികൾക്ക് നൽകുന്നതിന് മുൻപ് നാപ്കിൻ ഉപയോഗിച്ച് അടയാളപ്പെടുത്തണമെന്ന് ഇത്തരം സന്ദർഭങ്ങളിൽ ജീവനക്കാരോട് ആവശ്യപ്പെടാറുണ്ടെങ്കിലും ഈ പ്രോട്ടോക്കോൾ പലപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് പഴ്സർ വെളിപ്പെടുത്തി. പുതിയതായി വരുന്നവർക്ക് നൽകുന്ന പരിശീലനം അപര്യാപ്തമാണെന്നും പല സാഹചര്യങ്ങളെയും ഇത് ഉൾക്കൊള്ളുന്നില്ല. മുൻപ് ഒരു പഴ്സർക്കുള്ള പരിശീലനം കുറഞ്ഞത് ഏതാനും ആഴ്ചകൾ ഉണ്ടായിരുന്നപ്പോൾ ഇപ്പോഴത് ആറ് ദിവസമായി ചുരുക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.
യാത്രയ്ക്കിടെ, പ്രത്യേകിച്ച് വിമാനങ്ങളിൽ, കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കും ഉണ്ടെന്നും പഴ്സർ ഓർമിപ്പിച്ചു.