വാക്കിങ് ന്യുമോണിയ എന്നത് സാധാരണ ന്യുമോണിയയേക്കാൾ തീവ്രത കുറഞ്ഞ ഒരു തരം ശ്വാസകോശ അണുബാധയാണ്. ചുമ, തൊണ്ടവേദന, തലവേദന, പനി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരിയ രീതിയിലുള്ളതായതിനാൽ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നു. അതുകൊണ്ടാണ് ഇതിനെ വാക്കിങ് ന്യുമോണിയ എന്ന് വിളിക്കുന്നത്.
കാരണം
വാക്കിങ് ന്യുമോണിയയ്ക്ക് പ്രധാന കാരണം മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വായുവിലൂടെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു, പ്രത്യേകിച്ചും തിരക്കുള്ള സ്ഥലങ്ങളിൽ, ഇത് കൂടാതെ, ഇൻഫ്ലുവൻസ വൈറസ് പോലുള്ള ചില വൈറസുകളും ചില ഫംഗസുകളും വാക്കിങ് ന്യുമോണിയയ്ക്ക് കാരണമാകാം.
വാക്കിങ് ന്യുമോണിയ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലും യുവാക്കളിലുമാണ്. ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്കും വാക്കിങ് ന്യുമോണിയ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ശരിയായ ചികിത്സയിലൂടെ ഇത് പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.