News

ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം; ഓൺലൈനിൽ എട്ട് വയസ്സുകാരൻ ഓര്‍ഡര്‍ ചെയ്തത് 70,000 ലോലിപോപ്പുകൾ

കുട്ടികൾ കരയാതെ അടങ്ങിയിരിക്കാനും അവരെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാനും മറ്റുമാണ് അമ്മമാർ അവരുടെ കയ്യിൽ ഫോൺ കൊടുക്കുന്നത്. എന്നാൽ ഇനിമുതൽ കുട്ടികൾക്ക് കളിക്കാൻ ഫോൺ കൊടുക്കുന്നതിനു മുമ്പ് ഈ വാർത്ത കൂടി കേട്ടോളു. അമേരിക്കയിലെ കെന്റക്കിയിൽ 8 വയസ്സുകാരൻ അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് 70,000 ലോലിപോപ്പുകളാണ് വാങ്ങിയത്.

ആമസോണില്‍ നിന്ന വന്ന ഓര്‍ഡര്‍ കണ്ട് അമ്മ സ്ത്ബ്ധയായിപ്പോയി. ഏകദേശം 4200 ഡോളറാണ് (മൂന്നര ലക്ഷം രൂപ) അമ്മയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായത്. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ (FASD) ബാധിച്ച ലിയാം തന്റെ കൂട്ടുകാര്‍ക്കായി ഒരു കാര്‍ണിവല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായി ലോലിപോപ്പുകള്‍ സമ്മാനമായി നല്‍കാനും വിചാരിച്ചിരുന്നു. എന്നാല്‍ ലോലിപോപ്പുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എണ്ണം കുറച്ചധികമായിപ്പോയി.

ഇതുമായി ബന്ധപ്പെട്ട് അമ്മ ഹോളി ലാഫാവേഴ്‌സ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചു. മകന്‍ ലിയാം 30 പെട്ടി ലോലിപോപ്പുകള്‍ ഓര്‍ഡര്‍ ചെയ്‌തെന്നും ആമസോണ്‍ അത് തിരിച്ചയക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കുറിച്ചു. ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ ഡെലിവറി നിരസിക്കാന്‍ അവര്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും 22 പെട്ടി ലോലിപോപ്പുകള്‍ ഹോളിയുടെ വീട്ടിലെത്തി.

ഹോളിയുടെ പോസ്റ്റ് കണ്ടതോടെ അയല്‍ക്കാരും സുഹൃത്തുക്കളും ചെറിയ കട നടത്തുന്നവരുമെല്ലാം അധികമുള്ള ലോലിപോപ്പ് വാങ്ങാന്‍ മുന്നോട്ടുവന്നു. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കൂടി വന്നതോടെ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ആമസോണ്‍ തയ്യാറായി.

‘ഒന്നോ രണ്ടോ പെട്ടി വാങ്ങാമെന്ന് വാഗ്ദാനം ചെയ്തവര്‍ക്കും പോസ്റ്റ് പങ്കുവെച്ചവര്‍ക്കും നന്ദി. അവയെല്ലാം വിറ്റുപോയെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറച്ച് ലോലിപോപ്പുകള്‍ പള്ളികളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്തു.’ ഹോളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.