india

‘മോദിയോട് പോയി ചോദിക്കാനാണ് അവർ പറഞ്ഞത്, ഇന്ന് മോദി മറുപടി നൽകി’; ഇത് തുടക്കമാകണമെന്ന് ഹിമാൻഷി നര്‍വാള്‍

ന്യൂഡൽഹി: പഹല്‍ഗാം കൂട്ടക്കുരുതിയ്ക്ക് പകരമായി പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയ സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് മധുവിധു ആഘോഷിക്കാനെത്തി പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നര്‍വാള്‍. ഓപ്പറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കുള്ള തുടക്കമാകണമെന്നും ഹിമാൻഷി കേന്ദ്രത്തോട് അഭ്യർഥിച്ചു.

‘‘എന്റെ ഭർത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവൻ രക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയുമില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സർക്കാരിനോട് ഞാൻ നന്ദിപറയുന്നു. എന്നാൽ ഇത് ഇവിടെ അവസാനിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഈ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണമിതെന്ന് ഞാൻ അഭ്യർഥിക്കുന്നു.

നമ്മുടെ സേനയും മോദി സർക്കാരും ഭീകരർക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും ശക്തമായ സന്ദേശം നൽകി. ഞങ്ങൾ അനുഭവിച്ച വേദന, ആ 26 കുടുംബങ്ങൾ അനുഭവിച്ച വേദന ഇപ്പോൾ അതിർത്തിക്ക് അപ്പുറമുള്ളവർക്ക് മനസ്സിലായി. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിട്ടുള്ളു എന്നും എന്നോട് കരുണ കാണിക്കണം എന്നും ഞാൻ അന്ന് ഭീകരരോട് പറഞ്ഞതാണ്. എന്നാൽ ‘അത് മോദിയോട് പോയി ചോദിക്കു’ എന്നാണ് അവർ എന്നോട് പറഞ്ഞത്. ഇന്ന് മോദി, നമ്മുടെ സൈന്യം അവർക്ക് മറുപടി നൽകി. പഹൽഗാമിന് തിരിച്ചടി നൽകിയതിൽ സന്തോഷമുണ്ട്. എന്നാൽ ആ 26 പേർ ഇപ്പോൾ ജീവനോടെയില്ല എന്നതിൽ ദുഃഖവുമുണ്ട്’’– ഹിമാൻഷി പറഞ്ഞു.

പഹൽഗാമിലേതുപോലെയുള്ള ഭീകരാക്രമണങ്ങൾ ഇനിയും ആവർത്തിക്കുന്നതിന് മുൻപ് ഭീകരവാദികൾ നൂറുതവണ ആലോചിക്കണമെന്ന് വിനയ് നർവാളിന്റെ അച്ഛൻ രാജേഷ് നർവാൾ‌ പറഞ്ഞു. ഹരിയാനയിലെ കർണാൽ ഭുസ്‌ലി സ്വദേശിയും കൊച്ചി ദക്ഷിണ നാവിക കമാൻഡിലെ ഓഫിസർ ഇൻ ചാർജുമായിരുന്ന (എസ്ഐജി) ലഫ്റ്റനന്റ് വിനയ് നർവാളും ഗുരുഗ്രാം സ്വദേശി ഹിമാൻഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞമാസം പതിനാറിനായിരുന്നു. 19ന് സൽക്കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഇരുപതിനാണു മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ കശ്മീരിലേക്കു പോയത്.