India

പാകിസ്ഥാനിലേക്ക് മടങ്ങാനായില്ല, പ്രായ പൂർത്തിയാകാത്ത മൂന്ന് പേർ ഹൈക്കോടതിയിൽ | Pakistani minors seek stay extension from Karnataka High Court after failed exit

ഈ വർഷം ജനുവരി നാലിനാണ് ഇവർ ഇന്ത്യയിലെത്തിയത്

അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോകാൻ സാധിക്കാതെ വന്നതോടെ മൂന്ന് പാക് പൗരന്മാരായ പ്രായപൂർത്തിയാകാത്തവർ കോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതിയിലാണ് ഇന്ത്യയിൽ തുടരാൻ അനുവാദം തേടി ഹർജി സമർപ്പിച്ചത്. ബിബി യമീന, മുഹമ്മദ് മുദസിർ, മുഹമ്മദ് യൂസഫ് എന്നിവരാണ് ഹർജിക്കാർ. മൈസുരു സ്വദേശിയായ റൻഷ ജഹാൻ്റെയും പാക് പൗരനായ മുഹമ്മദ് ഫാറൂഖിൻ്റെയും മക്കളാണ് ഇവർ. മക്കൾക്ക് വേണ്ടി അമ്മയാണ് ഹർജി സമർപ്പിച്ചത്.

ഈ വർഷം ജനുവരി നാലിനാണ് ഇവർ ഇന്ത്യയിലെത്തിയത്. 2015 ൽ ശരിഅത്ത് നിയമപ്രകാരം പാകിസ്ഥാനിൽ വെച്ചാണ് വിവാഹം നടന്നത്. എന്നാൽ റൻഷ പാക് പൗരത്വം സ്വീകരിച്ചിരുന്നില്ല. എന്നാൽ മക്കൾക്ക് പാക് പാസ്പോർട്ടാണുള്ളത്. ജൂൺ 18 വരെ ഇന്ത്യയിൽ താമസിക്കാനാണ് ഇവർക്ക് അനുവാദം ഉണ്ടായിരുന്നത്. എന്നാൽ പഹൽഗാം ആക്രമണത്തെ തുടർന്ന് ഇവരോട് ഏപ്രിൽ 30 ന് മടങ്ങാൻ ആവശ്യപ്പെച്ചു. അട്ടാരി അതിർത്തിയിൽ മക്കൾ എത്തിയെങ്കിലും അച്ഛന് അവിടേക്ക് എത്താനായില്ല.

ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. പഹൽഗാം ആക്രമണത്തെ തുടർന്ന് ഹ്രസ്വകാല വീസയും സാർക് വിസയും കൈവശമുള്ള പാക് പൗരന്മാരോട് ഇന്ത്യ തിരികെ പോകാൻ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 27 ന് മുൻപ് തിരികെ പോകാനായിരുന്നു നിർദേശം. ഏപ്രിൽ 29 വരെയായിരുന്നു മെഡിക്കൽ വിസ കൈവശം വെച്ചവർക്ക് തുടരാൻ അനുമതി.

Pakistani minors seek stay extension from Karnataka High Court after failed exit