Kerala

കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നു; ഡോക്ടർക്ക് ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും

തിരുവനന്തപുരം: രോഗിയായ സഹോദരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ കേസിൽ വെറ്ററിനറി ഡോക്ടർ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.വർക്കല മേൽവെട്ടൂരിലെ വീട്ടിൽ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. വർക്കലയിൽ ‌‌2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.

നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ‍ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടർന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേർന്ന ഔട്ട്ഹൗസിൽ കെയർടേക്കറുടെ പരിചരണത്തിൽ കഴിയുകയായിരുന്നു.

ഒന്നാം സാക്ഷി കൂടിയായ കെയർടേക്കർ സത്യദാസിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും പിടിച്ചുമാറ്റാൻ ചെന്ന തന്നെ മുറിയിൽനിന്നു പുറത്താക്കിയെന്നും സത്യദാസ് മൊഴി നൽകിയിരുന്നു. തുടർന്ന് സന്ദീപിന്റെ അമ്മയെ വിളിച്ചു കൊണ്ട് വന്നപ്പോൾ പ്രതി സന്ദീപിനെ കത്തി കൊണ്ട് കുത്തുന്നതു കണ്ടു എന്നുമായിരുന്നു മൊഴി. 2022 ഡിസംബർ 20 നാണ് വർക്കല പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.