ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്നു രാവിലെ 11നു ചേരും. യോഗത്തിൽ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ സംബന്ധിച്ച യോഗത്തിൽ വിലയിരുത്തും. ജമ്മു കശ്മീരിൽ തുടരുന്ന പാകിസ്താൻ പ്രകോപനത്തിലെ തുടർനീർക്കങ്ങൾ ഉൾപ്പെടെ ചർച്ചയായിരിക്കും. അതിനിടെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.
സൈനിക ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ കർതാർപുരിലേക്കുള്ള ഇടനാഴി താൽക്കാലികമായി അടച്ചു. തീർഥാടനത്തിനെത്തിയ 150ൽ ഏറെ വിശ്വാസികൾ മടങ്ങി. ഇന്നലെ രാവിലെയാണു ആഭ്യന്തര മന്ത്രാലയം ഇടനാഴി ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടയ്ക്കുന്നതായി അറിയിച്ചത്. പഞ്ചാബിലെ ഗുർദാസ്പുരിലെ ദേര ബാബാ നാനാക്കിൽ നിന്നു 4 കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ കർതാർപുരിലെ ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി.
അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. കരസേനാ മേധാവി മേജർ ജനറൽ ഉപേന്ദ്ര ദ്വിവേദി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഇന്നലെ പൂഞ്ച് മേഖലയിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക്ക് ദിനേശ് കുമാറിനാണ് ജീവൻ നഷ്ടമായത്.