ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരൻ, ദ് റസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ഗുൽ എന്ന് റിപ്പോർട്ട്. കേരളത്തിൽ പഠിച്ചിട്ടുള്ള ഇയാളെ 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. എൻഐഎയുടെ അന്വേഷണത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് കണ്ടെത്തി. വിവരങ്ങൾ നൽകുന്നവർക്കു 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ റാവിൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. 2020നും 2024നും ഇടയിൽ സെൻട്രൽ, സൗത്ത് കശ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലും ഇയാളായിരുന്നു. ശ്രീനഗറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സജ്ജാദ് ഗുൽ ബെംഗളൂരുവിൽനിന്നാണ് എംബിഎ പൂർത്തിയാക്കിയത്. പിന്നീടു കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തു. കശ്മീരിലേക്കു മടങ്ങിയെത്തിയ ഇയാൾ ലാബ് തുറന്നു. പിന്നാലെ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും തുടങ്ങി.