ന്യൂഡൽഹി: കശ്‌മീർ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊടുംഭീകരനാണ് മസൂദ് അസർ. പാകിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപുർ ആസ്ഥാനമായ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവാണ് ഈ അമ്പത്തിയാറുകാരൻ. പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെ നിരവധി കേസുകളിലെ മുഖ്യപ്രതി. ജമ്മു കശ്മീർ നിയമസഭാ മന്ദിരം, പഠാൻകോട്ട് വ്യോമതാവളം, ശ്രീനഗർ ബിഎസ്എഫ് ക്യാംപ് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളിൽ മുഖ്യ പങ്കാളി.
1994 ഫെബ്രുവരിയിൽ കശ്മീരിലെ അനന്ത്നാഗിൽനിന്ന് അറസ്റ്റിലായ ശേഷം 5 വർഷം ഇന്ത്യയിൽ ജയിലിലായിരുന്നു.1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം പാക്ക് ഭീകരർ കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയതോടെ ഒമർ ഷെയ്ഖ്, മുഷ്താഖ് സർഗർ എന്നീ ഭീകരർക്കൊപ്പം അസ്ഹറിനെയും മോചിപ്പിക്കാൻ ഇന്ത്യ നിർബന്ധിതമായി. തുടർന്നാണ് അൽ ഖായിദ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ സഹായത്തോടെ ജയ്ഷെ മുഹമ്മദ് സ്ഥാപിച്ചത്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ കശ്മീരി യുവാക്കളടക്കമുളളവരെ റിക്രൂട്ട് ചെയ്തു. ചാവേർ ആക്രമണരീതി കശ്മീരിൽ പരീക്ഷിച്ചത് മസൂദിന്റെ നേതൃത്വത്തിലാണ്. മതപ്രഭാഷണങ്ങളിലൂടെ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ചു. 2019 മേയ് ഒന്നിന് ആഗോള ഭീകരനായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) പ്രഖ്യാപിച്ചു.
ഇന്ത്യയുടെ തിരിച്ചടിയിൽ അസറിന്റെ ബന്ധുക്കളായ 10 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹവൽപുരിലെ മര്‍ക്കസ് സുബഹാനള്ളയിൽ നടന്ന വ്യോമാക്രമണത്തിൽ മസൂദ് അസറിന്റെ മൂത്ത സഹോദരി, ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, അനന്തരവൾ, അഞ്ച് കുട്ടികൾ എന്നിവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അസറിന്റെ അടുത്ത നാല് അനുയായികളും കൊല്ലപ്പെട്ടു.
ഇനി ആരും ദയ പ്രതീക്ഷിക്കേണ്ടെന്നും മസൂദ് അസർ പ്രതികരിച്ചു. പശ്ചാത്താപമോ നിരാശയോ ഭീതിയോ ഇല്ലെന്നും അസർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്ക് പരിശീലനങ്ങൾ നൽകുന്നതും മര്‍ക്കസ് സുബഹാനള്ളയിലായിരുന്നു. മസൂദ് അസറിന് പുറമേ മുഫ്‌തി അബ്‌ദുൾ റൗഫ് അസ്‌ഗർ, മൗലാനാ അമ്മർ തുടങ്ങിയ ഭീകരരും അവരുടെ കുടുംബങ്ങളും തങ്ങിയിരുന്നത് ഇവിടെയാണ്. പഹൽഗാമിന് തിരിച്ചടി നൽകാൻ തീരുമാനിച്ചപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു മർക്കസ് സുഹ്‌ബാനള്ള.