വത്തിക്കാന്‍ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യ റൗണ്ടില്‍ തീരുമാനമായില്ല. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് സിസ്റ്റേയൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് ഉയർന്നത്. ഇന്ന് വോട്ടെടുപ്പ് വീണ്ടും തുടരും.
രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പ്രകാരം ഉച്ചയോടെ ആയിരിക്കും. ഉച്ചക്കും വൈകിട്ടുമായി രണ്ട് റൗണ്ട് തിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുക. 71 രാജ്യങ്ങളില്‍ നിന്നായി 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. യൂറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.
പുതിയ പോപ്പ് ആരെന്നതിലെ തീരുമാനമറിയാന്‍ സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മനിയില്‍ കണ്ണുംനട്ട് ആയിരങ്ങളാണ് ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കാത്തുനിന്നത്. പ്രാദേശിക സമയം 9.05ഓടെയാണ് ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നത്. പുതിയ പോപ്പ് ആരെന്നതില്‍ തീരുമാനമായില്ലെന്നും കോണ്‍ക്ലേവ് അടുത്ത ദിവസം പുനരാരംഭിക്കുമെന്നുമാണ് ചാപ്പലിലെ ചിമ്മിനിയില്‍ നിന്നുയര്‍ന്ന കറുത്ത പുക സൂചിപ്പിക്കുന്നത്. പുക ഉയര്‍ന്ന ശേഷം സിസ്റ്റയ്ന്‍ ചാപ്പലിന്റെ വാതിലുകള്‍ അടയുകയും വാതിലിന് പുറത്ത് (എല്ലാവരും പുറത്തേക്ക്) എന്ന് എഴുതി വയ്ക്കുകയും ചെയ്തു.