India

‘ഇന്ത്യ-പാക് സംഘർഷം; സംയമനം പാലിക്കണം, പരിഹരിക്കാൻ തനിക്ക് കഴിയുമെങ്കിൽ അതിന് തയ്യാർ’; ഡോണൾഡ് ട്രംപ്

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരു രാജ്യങ്ങളെയും തനിക്ക് നന്നായി അറിയാമെന്നും അവിടെയുള്ള പ്രശ്നങ്ങൾ പരസ്‌പരം സംസാരിച്ചുകൊണ്ട് പരിഹരിക്കേണ്ടതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. തനിക്ക് സഹായിക്കാനാകുമെങ്കിൽ അതിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി നടത്തിയതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജ്യങ്ങൾക്കിടയിലെ പ്രശ്‌നപരിഹാരം അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനുമായും അടുത്ത ബന്ധമുള്ളവരാണ് തങ്ങളെന്നും പ്രശ്‌നങ്ങൾ ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പ്രതികരണവുമായി ലോക നേതാക്കള്‍ രംഗത്തുവന്നിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം. ഇന്ത്യയും പാകിസ്താനും സമാധാനത്തിന് പ്രഥമപരിഗണന നല്‍കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസര്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യയും, യുകെയും അഭ്യര്‍ത്ഥിച്ചു പാകിസ്താനെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി.