പാകിസ്ഥാൻ, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന്, അതിര്‍ത്തി സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജരായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും തെറ്റായ വിവരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഉയർന്നുവന്ന ദേശീയ ഐക്യത്തിന്റെ മനോഭാവം പൗരന്മാരുടെ മനോവീര്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ഊന്നിപ്പറഞ്ഞു.
ആരോഗ്യ സംരക്ഷണം, അഗ്നിശമന സേന തുടങ്ങിയ അവശ്യ സേവനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളോടും ഷാ ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർ, സിക്കിം സർക്കാർ പ്രതിനിധി എന്നിവരുമായി ഷാ വീഡിയോ കോൺഫറൻസിംഗിലൂടെ കൂടിക്കാഴ്ച നടത്തി എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.