Kerala

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് വീണ്ടും മാറ്റി

നന്തൻകോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഇത് രണ്ടാം തവണയാണ് കേസില്‍ വിധി പറയുന്നത് മാറ്റിവെക്കുന്നത്.

കേഡല്‍ ജെന്‍സന്‍ രാജയാണ് കേസിലെ ഏകപ്രതി മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്.

ജഡ്ജി കെ.വി വിഷ്ണുവാണ് കേസ് പരിഗണിച്ചത്. 2017 ഏപ്രില്‍ 5,6 തീയതികളില്‍ നന്തന്‍കോട് ബെയില്സ് കോമ്പൗണ്ട് 117ല്‍ റിട്ട പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ രാജയുടെ മകനായ കേഡല്‍ കൊലപ്പെടുത്തി എന്നാണ് കേസ്.

കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.

ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.

പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Latest News