Kerala

കള്ളക്കടൽ പ്രതിഭാസം: കടലാക്രമണത്തിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ 0.6 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറ‍ഞ്ഞു.

അതേസമയം നാളെ രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളം മുനമ്പം FH മുതൽ മറുവക്കാട് വരെയും ജാഗ്രത മുന്നറിയിപ്പുണ്ട്.

കൂടാതെ തൃശൂർ ജില്ലയിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും, മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ, കണ്ണൂർ കോലോത്ത്‌ മുതൽ അഴീക്കൽ,, കണ്ണൂർ-കാസർഗോഡ് കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

കന്യാകുമാരി തീരത്ത്‌ നാളെ രാത്രി 08.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Latest News