വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പിറവിളാകം സ്വദേശികളായ അപ്പൂസ് (21), വിജയൻ (26) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഒരാൾ ഒളിവിലാണ്. വിഴിഞ്ഞം തെന്നൂർകോണം സ്വദേശിനിയുടെ വീട് കയറി ആക്രമിക്കുകയും മകളെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം നടന്നത്. വീടിന്‍റെ ഗേറ്റ് ചവിട്ടി തുറന്ന് അകത്ത് കേറിയ സഹോദരങ്ങൾ ഉൾപ്പെട്ട മൂന്നംഗ സംഘം സ്ത്രീയെ മർദ്ദിക്കുകയായിരുന്നു.
ലഹരി ഉപയോഗിച്ച ശേഷം വീടിന് സമീപം വന്ന് അസഭ്യം വിളിച്ചത് വിലക്കിയതിലുള്ള മുൻ വൈരാഗ്യം കാരണമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.