World

ഇന്ത്യയും യുകെയും ഒന്നിക്കുമ്പോൾ പണി കിട്ടുന്നത് ചൈനയ്ക്ക്!!

യുണൈറ്റഡ് കിംഗ്ഡവുമായുള്ള വ്യാപാരബന്ധം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിലേർപ്പെട്ടിരിക്കുകയാണ്. ഇത് ഒന്നിലധികം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാനമായും ചൈനയ്ക്കു മേലുള്ള ആശ്രയത്വം കുറയ്ക്കുക, യുഎസ് താരിഫുകള്‍ മൂലമുള്ള വ്യാപാര വെല്ലുവിളികള്‍ കൈകാര്യം ചെയ്യുക, ബ്രെക്‌സിറ്റിന് ശേഷം യുകെയുടെ സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
മള്‍ട്ടി ബില്യണ്‍ ഡോള്ര്‍ മൂല്യം വരുന്ന ഈ കരാര്‍ വ്യാപാരം ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങളുടെയും താരിഫ് കുറയ്ക്കും. ഇതുവഴി ഇരു രാജ്യങ്ങളിലുമുള്ള ബിസിനസുകള്‍ക്ക് നേട്ടമുണ്ടാകുമെന്നുംകരുതുന്നു. പ്രസ്തുക കരാര്‍ ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ 25.5 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിദഗ്ധരുടെ വിലയിരുത്തില്‍ ഇന്ത്യയുമായുള്ള സഹകരണം യുകെയുടെ ജിഡിപി 4.8 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുകയും, എല്ലാ വര്‍ഷവും വേതനം 2.2 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൊവിഡിനു ശേഷം ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. കൂടാതെ ലോകത്തെ ഏറ്റവും മികച്ച വിപണികളില്‍ മുന്‍പന്തിയിലും ഇന്ത്യ തന്നെയാണ്. യുകെയുമായുള്ള സഹകരണം ഇന്ത്യയ്ക്ക് ശക്തമായ കയറ്റുമതിയിലൂടെയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും നേട്ടമാകുമെന്നു കരുതുന്നു.

 

2023- 24 ല്‍ യുകെയുമായുള്ള ഇന്ത്യയുടെ വ്യാപാര വിഹിതം 1.69 ശതമാനമായിരുന്നു. 2024-25 ല്‍ ഇത് 1.91 ശതമാനമായി മെച്ചപ്പെട്ടു. നിലവില്‍ മൊത്തം ഉഭയകക്ഷി വ്യാപാരം ഏകദേശം 60 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം കാണിക്കുന്നു. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതിയില്‍ 6.1 ശതമാനം കുറവുണ്ടായെങ്കിലും ഇന്ത്യയുടെ കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ട്.

ചരക്കുകള്‍, സേവനങ്ങള്‍, സാങ്കേതികവിദ്യ എന്നിവയെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സ്വതന്ത്ര വ്യാപാര കരാര്‍. സമഗ്രമായ വളര്‍ച്ച, ശക്തമായ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ ഇന്ത്യയ്ക്കായി വിവരസാങ്കേതികവിദ്യ, ധനകാര്യം, വിദ്യാഭ്യാസം, ഉപഭോക്തൃ വസ്തുക്കള്‍ തുടങ്ങിയ മേഖലകള്‍ യുകെ തുറന്നിടും.

തുണിത്തരങ്ങള്‍, കളിപ്പാട്ടങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് കരാര്‍ ഊര്‍ജമാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. മേഖലയുടെ കയറ്റുമതി അവസരങ്ങള്‍ വര്‍ധിക്കും. കുടിയേറ്റ നിയമങ്ങളില്‍ കരാര്‍ വലിയ മാറ്റം അനുവദിക്കുന്നില്ല, എന്നാല്‍ പരിമിതമായ പ്രൊഫഷണല്‍ നീക്കത്തിന് വഴിയൊരുക്കും. പാചകക്കാര്‍, സംഗീതജ്ഞര്‍, യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഓരോ വര്‍ഷവും ഏകദേശം 1,800 മുതല്‍ 2,000 വരെ വിസ നല്‍കുമെന്നു കരാര്‍ വ്യക്തമാക്കുന്നു.

ഇന്ത്യ- യുകെ പ്രധാനമന്ത്രിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് വിവരം. തുടര്‍ന്ന് പ്രസ്തുത കരാര്‍ ഇരു പാര്‍ലമെന്റുകളുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടും