ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. 18 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഹൃദയാഘാതത്തിന്റെ നിരക്ക് വര്‍ധിക്കുന്നതായി വിദഗ്ധര്‍ പറയുന്നത്. ഹൃദയാഘാതത്തെ കുറിച്ചും അവയുടെ ലക്ഷണങ്ങളെ കുറിച്ചും അറിയാം…..
എന്താണ് ഹൃദയാഘാതം?
ഹൃദയപേശികളുടെ ഒരു ഭാഗത്തേക്ക് രക്ത വിതരണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. പലപ്പോഴും അടുത്തുള്ള ഒരു ധമനിയുടെ തടസ്സം മൂലമാണിത്. കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി) ആണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം.
ലക്ഷണങ്ങള്‍…
ഒന്ന്
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം. നെഞ്ചില്‍ ഭാരംപോലെയുള്ള തോന്നലോ വലിഞ്ഞുമുറുകലോ മറ്റോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം.
രണ്ട്
അമിത വിയര്‍പ്പാണ് മറ്റൊരു ലക്ഷണം. ചിലരില്‍ ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിതമായി വിയര്‍ക്കാന്‍ സാധ്യതയുണ്ട്.
മൂന്ന്
കഴുത്തിലോ ചുമലുകളിലോ താടിയെല്ലുകളുടെ ഭാഗത്തോ ഒരുപക്ഷേ ഹൃദയാഘാതത്തിന് മുന്‍പായി വേദനയുണ്ടാകാം.
നാല്
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.
അഞ്ച്
കൈകളില്‍ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.