കാരൻസിന്റെ പുതിയ മോഡൽ ക്ലാവിസ് പ്രീമിയം എംപിവി പുറത്തിറക്കി കിയ. കാരന്‍സിന് അപ്ഡേറ്റഡ് മോഡലായാണ് ക്ലാവിസിനെ കിയ എത്തിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓൺലൈനായോ കിയ ഡീലർഷിപ്പുകൾ വഴിയോ മെയ് ഒമ്പതു മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാം. ഇന്ത്യയിൽ കിയയുടെ രണ്ടാമത്തെ എംപിവിയാണിത്. ആദ്യ എംപിവിയായ കാരെൻസിന് മുകളിലായിരിക്കും ക്ലാവിസിന്റെ സ്ഥാനം. നേരത്തേ വാഹനത്തിന്റെ ടീസര്‍ കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വില അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ആറ് എൻജിൻ ഗിയർബോക്സ് ഓപ്ഷനുകളിൽ ഏഴ് വേരിയന്റുകളിൽ എട്ടു നിറത്തിൽ പുതിയ എംപിവി ലഭിക്കും. സെഗ്മെന്റിലെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പല ഫീച്ചറുകളുമായാണ് കിയ ക്ലാവിസിന്റെ വരവ്.
കിയയുടെ പുതിയ ഡിജിറ്റൽ ടൈഗർ ഫേസ് രൂപഭംഗിയിലാണ് നിർമാണം. ട്രയാങ്കിൾ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാംപും ബോണിറ്റിൽ നിന്ന് ബംബറിലേയ്ക്ക് ഇറങ്ങിയതുപോലുള്ള ഡേറ്റൈം റണ്ണിങ് ലാംപുമുണ്ട്. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളാണ്. ഭംഗിയുള്ള മുൻബംബർ ഡിസൈനാണ്. പിന്നിലും നീളത്തിലുള്ള എൽഇഡി ടെയിൽ ലാംപുണ്ട്.
അഡിഎഎസ്, പനോരമിക് സൺറൂഫ് എന്നിവയ ക്ലാവിസിലുണ്ട്. 4 വേ പവേർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ, 8 സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നിവ വാഹനത്തിലുണ്ട്. കൂടായെ ഉയർന്ന മോഡലിൽ 360 ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ് എന്നിവയും നൽകിയിരിക്കുന്നു. ക്ലാവിസിലെ അഡാസ് സുരക്ഷാ ഫീച്ചറുകളില്‍ മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പും അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോളും ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷ്യനും ലൈന്‍ കീപ്പ് അസിസ്റ്റും ഡിപ്പാര്‍ച്ചര്‍ വാണിങുമെല്ലാം ഉള്‍പ്പെടുന്നു.
പെട്രോൾ, ഡീസൽ എൻജിൻ മോഡലുകളിൽ വാഹനം ലഭിക്കും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും 160 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിനും 116 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിൻ ഓപ്ഷനുകളുമുണ്ട് ക്ലാവിസിൽ. 1.5 ലീറ്റർ പെട്രോൾ എൻജിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിന് ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും 1.5 ലീറ്റർ ഡീസലിന് ആറ് സ്പീഡ് മാനുവൽ, ഓട്ടമാറ്റിക്ക് ഗിയർബോക്സുകളും ലഭിക്കും.